കൊവിഡ്: ക്വാറന്റൈന്‍ ഉത്തരവില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ദമ്പതികള്‍ ഹൗസ് അറസ്റ്റില്‍

കൊവിഡ്: ക്വാറന്റൈന്‍ ഉത്തരവില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ദമ്പതികള്‍ ഹൗസ് അറസ്റ്റില്‍

കെന്റക്കി: കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സെല്‍ഫ് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നല്കിയ നിര്‍ദ്ദേശം പാലിക്കാതിരുന്ന ദമ്പതികളെ ഹൗസ് അറസ്റ്റിലാക്കി. സെല്‍ഫ് ക്വാറന്റൈനിലിരിക്കാന്‍ ആവശ്യമായ പേപ്പറകളില്‍ ഒപ്പുവെക്കാന്‍ നല്കിയ നിര്‍ദ്ദേശം പാലിക്കാതിരുന്നതാണ് ദമ്പതികളുടെ അറസ്റ്റിലേക്ക് നയിച്ചത്.

എലിസബസ്സ് ലിന്‍സ്‌കോട്ട്, ഭര്‍ത്താവ് എന്നിവരാണ് അധികൃതരുടെ നോട്ടപ്പുള്ളികളായത്

എലിസബത്തിന് കോവിഡ് പോസിറ്റീവായിരുന്നെങ്കിലും ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മിഷിഗണില്‍ താമസിക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. അതുകൊണ്ടാണ് സെല്‍ഫ് ക്വാറന്റൈനുള്ള പേപ്പറുകള്‍ ഒപ്പുവെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. പേപ്പറുകളില്‍ ഒപ്പുവെക്കാന്‍ എലിസബത്ത് വിസമ്മതിച്ചുവെങ്കിലും ഭര്‍ത്താവ് തയ്യാറായിരുന്നു. ക്വാറന്റൈന്‍ പേപ്പറിലെ ചില വാചകങ്ങള്‍ ശരിയായില്ലെന്ന് കാണിച്ചാണ് എലിസബത്ത് ഒപ്പുവെക്കാന്‍ വിസമ്മതിച്ചത്.

കടലാസില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ലോ എന്‍ഫോഴ്‌സ്‌മെന്റിനെ ഈ വിഷയത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെന്ന സന്ദേശമാണ് പിന്നീട് ഇവര്‍ക്ക് ലഭിച്ചത്. കൗണ്ടി ഷെറിഫ് ഓഫിസില്‍ നിന്നെത്തിയ പൊലീസ് ഇരുവരേയും ആങ്കിള്‍ മോണിറ്റര്‍ ധരിപ്പിച്ച് ഹൗസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താമസിക്കുന്ന വീട്ടില്‍ നിന്നും 200 അടി മാറിപ്പോകരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്.

തങ്ങള്‍ മോഷ്ടാക്കളോ വാഹനാപകടമുണ്ടാക്കിയവരോ അല്ലാതിരുന്നിട്ടും തങ്ങളെ ദ്രോഹിക്കുകയാണെന്നും ക്വാറന്റൈന്‍ പേപ്പറിലെ തെറ്റുകള്‍ തിരുത്തിയിരുന്നെങ്കില്‍ ഒപ്പുവെക്കാന്‍ തയ്യാറായിരുന്നുവെന്നുമാണ് ഇരുവരും പറയുന്നത്.

Share this story