മരണനിരക്ക് കുറവ് കേരളത്തിൽ; ഒരു കോവിഡ് പോസിറ്റീവ് കേസിന് കേരളം നടത്തുന്നത് 44 ടെസ്റ്റുകള്‍: മുഖ്യമന്ത്രി

മരണനിരക്ക് കുറവ് കേരളത്തിൽ; ഒരു കോവിഡ് പോസിറ്റീവ് കേസിന് കേരളം നടത്തുന്നത് 44 ടെസ്റ്റുകള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ടെസ്റ്റുകൾ നടത്തുന്ന കാര്യത്തിൽ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കോവിഡ് പോസിറ്റീവ് കേസിന് 44 ടെസ്റ്റുകളാണ് കേരളം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ഇതുവരെ മൂന്നുലക്ഷത്തിലേറെ സാമ്പിളുകൾ പരിശോധനക്കായി അയച്ചുവെന്നും കോവിഡ് 19 വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ടെസ്റ്റുകളുടെ എണ്ണവും ടെസ്റ്റിങ് കേന്ദ്രങ്ങളുടെ എണ്ണവും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ടെസ്റ്റുകളിൽ കേരളം ബഹുദൂരം മുന്നിലാണ്. ഒരു കോവിഡ് പോസിറ്റീവ് കേസിന് 44 ടെസ്റ്റുകളാണ് കേരളം നടത്തുന്നത്. മഹാരാഷ്ട്രയിൽ ഇത് അഞ്ചും ഡൽഹിയിൽ ഏഴും തമിഴ്നാട്ടിൽ പതിനൊന്നും കർണാടകയിൽ പതിനേഴും ഗുജറാത്തിൽ പതിനൊന്നുമാണ്. കേരളം ടെസ്റ്റുകളുടെ കാര്യത്തിൽ പിറകിലാണെന്ന് പറയുന്നവർ നോക്കുന്നത് കേവലം ടെസ്റ്റുകളുടെ എണ്ണം മാത്രമാണ്. അത് ശാസ്ത്രീയമായ രീതിയല്ല. ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റുകൾ നടത്തുന്നു എന്നതാണ് പ്രധാനം. ഐസിഎംആറിലെ പ്രധാനശാസ്ത്രജ്ഞനായ രാമൻ ഗംഗംഖേദ്കർ കേരളം കൈക്കൊണ്ടരീതിയെ കുറിച്ച് എടുത്തുപറയുകയും എന്തുകൊണ്ട് അത് അംഗീകരിക്കപ്പെടേണ്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നാം കാണിച്ച കരുതലിന്റെയും ജാഗ്രതയുടെയും ഗുണഫലമാണ് രാജ്യം മുഴുവൻ രോഗം നാശം വിതക്കുമ്പോഴും കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതിക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് ടെസ്റ്റിനെ കുറിച്ച് പറയുകയാണെങ്കിൽ പരിശോധന ആരംഭിച്ചത് ഒരു ടെസ്റ്റിങ് സെന്ററിലാണ്. ഇപ്പോൾ സർക്കാർ മേഖലയിൽ 59ും സ്വകാര്യമേഖലയിൽ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങൾ ഉണ്ട്.ആദ്യം പിസിആർ ടെസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആന്റിബോഡി, ആന്റിജൻ, ട്രൂനാറ്റ്, ജീൻ എക്സ്പേർട്ട്, ഇമ്യൂണോഅസെ തുടങ്ങിയ ടെസ്റ്റുകൾ ഉണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഇതുവരെ 3,08,348 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 7410 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,00,942 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 96,544 സാമ്പിളുകൾ നെഗറ്റീവാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മരണനിരക്ക് കുറവ് കേരളത്തിൽ

ലോകത്ത് തന്നെ മരണനിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിലെ മരണനിരക്ക് 0.33 ശതമാനമാണ്. നൂറുപേരിൽ 0.33 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഡൽഹിയിൽ ഇത് മൂന്നുശതമാനമാണ്. തമിഴ്നാട്ടിൽ 1.5,മഹാരാഷ്ട്രയിൽ 3.8, ഗുജറാത്തിൽ 4.4, കർണാടകയിൽ 2.1 ശതമാനം എന്നിങ്ങനെയാണ് ഇതരസംസ്ഥാനങ്ങളിലെ മരണനിരക്ക്.

കഴിഞ്ഞദിവസം തമിഴ്നാട്ടിൽ 4985 പുതിയ കോവിഡ് കേസുകളും 70മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 3648 കേസുകളും 72മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഈ സമയത്തും ജനസാന്ദ്രതയും വയോജന സാന്ദ്രതയും ഹൃദ്രോഗം വളരെ കൂടുതലുളളതുമായ നമ്മുടെ സംസ്ഥാനത്ത് ഇത്ര കുറഞ്ഞ മരണങ്ങൾ മാത്രമുണ്ടാകുന്നത് സൂചിപ്പിക്കുന്നത് കേരളം ഉയർത്തിയ പ്രതിരോധത്തിന്റെ മികവ് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story