അറുതിയില്ലാതെ കൊവിഡ്; വിവിധ സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക് ഡൗണിലേക്ക്

അറുതിയില്ലാതെ കൊവിഡ്; വിവിധ സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക് ഡൗണിലേക്ക്

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ വീണ്ടും സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങുന്നു. പശ്ചിമ ബംഗാൾ ആഴ്ചയിൽ രണ്ട് ദിവസം ലോക്ക് ഡൗൺ തീരുമാനിച്ചു. വ്യാഴം ശനി ദിവസങ്ങളിലാണ് ലോക്ക് ഡൗൺ. തുടർച്ചയായി രണ്ടായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം

മണിപ്പൂരിൽ പതിനാല് ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് വ്യാപനം കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. കൊവിഡ് മരണം മണിപ്പൂരിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

മധ്യപ്രദേശിലെ ഭോപ്പാലിൽ നാളെ മുതൽ പത്ത് ദിവസത്തേക്ക് ലോക്ക് ഡൗൺ നടപ്പാക്കും. കേരളവും സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ആന്ധ്ര സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുകയാണ്. പ്രതിദിന വർധനവ് മഹാരാഷ്ട്രയിൽ പതിനായിരവും ആന്ധ്രയിൽ ആറായിരവും തമിഴ്‌നാട്ടിൽ അയ്യായിരവും കടന്നു.

Share this story