കാനഡയില്‍ ആദ്യ കോവിഡ് കേസിന് ഇന്ന് ആറുമാസം

കാനഡയില്‍ ആദ്യ കോവിഡ് കേസിന് ഇന്ന് ആറുമാസം

ഒട്ടാവ: കാനഡയിലെ ആദ്യത്തെ കോവിഡ് കേസ് കണ്ടെത്തിയിട്ട് ആറുമാസം തികഞ്ഞു. ഇതിനകം ഒരുലക്ഷത്തിലേറെ കാനഡക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഒന്‍പതിനായിരത്തോളം പേര്‍ മരിക്കുകയും ചെയ്തു.

ഈ വര്‍ഷം ജനുവരി 25നാണ് കാനഡയിലെ ആദ്യ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉന്നത പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസകള്‍ക്ക് അര്‍ഹമായിരുന്നു.

ബ്രിട്ടീഷ് കൊളംബിയയിലെ പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് ഓഫിസറായ ഡോ. ബോണി ഹെന്റിയെ ലോകത്തിലെ ഏറ്റവും ഫലപ്രദമായ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരില്‍ ഒരാളായാണ് പരിഗണിക്കുന്നത്. രോഗവ്യാപനം തടയുന്നതിന് വളരെ വേഗത്തിലാണ് അവര്‍ പ്രവര്‍ത്തിച്ചത്.

ബ്രിട്ടീഷ് കൊളംബിയയിലെ ഒരു സമ്മേളനത്തില്‍ സൂപ്പര്‍ സ്‌പ്രെഡിനുള്ള അവസരമുണ്ടായിരുന്നെങ്കിലും അവസരോചിതമായ ഇടപെടലിലൂടെ പരിഹരിക്കുകയായിരുന്നു.

ബ്രിട്ടീഷ് കൊളംബിയയിലെ വീടുകള്‍, ആല്‍ബര്‍ട്ടയിലെ ഇറച്ചി സംസ്‌ക്കരണ പ്ലാന്റുകള്‍, ഒന്റാറിയോയിലെ തൊഴിലാളികളുടെ താമസകേന്ദ്രങ്ങല്‍ തുടങ്ങി രാജ്യത്തെ കോവിഡ് അനുഭവം തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്ന് ഹെന്റി ചൂണ്ടിക്കാട്ടി.

അഞ്ചു ലക്ഷത്തോളം ജനസംഖ്യയുള്ള ബ്രിട്ടീഷ് കൊളംബിയയില്‍ 3400 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതില്‍ 189 പേരാണ് മരിച്ചത്. അടുത്ത മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായും പ്രാഥമിക സ്‌കൂള്‍ വിദ്യാര്‍ഥികളെ സെപ്തംബറില്‍ മുഴുവന്‍ സമയ ക്ലാസ് മുറിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതായും ഹെന്റി പറഞ്ഞു. എന്നാല്‍ രോഗബാധ വര്‍ധിക്കുകയാണെങ്കില്‍ ക്ലാസുകള്‍ ഭാഗികമാക്കുകയോ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് പോവുകയോ ചെയ്യുമെന്നും അവര്‍ അറിയിച്ചു.

യു എസ് അതിര്‍ത്തി വീണ്ടും തുറക്കുന്നതിനെ ആശങ്കയോടെയാണ് കാണുന്നതെന്ന് ഹെന്റി പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയിലെ ആദ്യ കേസുകള്‍ വാഷിംഗ്ടണിലെ രോഗബാധയുമായി ബന്ധപ്പെട്ടാണ് സംഭവിച്ചത്.

വരും മാസങ്ങളില്‍ പ്രവിശ്യയുടെ ചില ഭാഗങ്ങള്‍ പൂര്‍ണമായും ഷട്ട് ഡൗണ്‍ ചെയ്യുകയല്ല തന്റെ പദ്ധതിയെന്നും മറിച്ച് തുറന്നിരിക്കുമ്പോള്‍ തന്നെ വ്യാപനം പരിമിതപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കലാണെന്നും ഹെന്റി പറഞ്ഞു.

Share this story