സെറം ഇൻസ്റ്റിറ്റ്യൂറ്റിന് ‌അനുമതി; ഓക്സ്ഫോർഡ് വാക്‌സിൻ അവസാനഘട്ട പരീക്ഷണങ്ങളിലേക്ക്

സെറം ഇൻസ്റ്റിറ്റ്യൂറ്റിന് ‌അനുമതി; ഓക്സ്ഫോർഡ് വാക്‌സിൻ അവസാനഘട്ട പരീക്ഷണങ്ങളിലേക്ക്

മനുഷ്യരിൽ അവസാനഘട്ട വാക്‌സിൻ പരീക്ഷണങ്ങൾ നടത്താൻ സെറം ഇൻസ്റ്റിറ്റ്യൂറ്റിന് അനുമതി നൽകി. ഓക്സ്ഫോർഡ് വാക്‌സിൻ ഉപയോഗിച്ചുള്ള രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾ നടത്താനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. പരീക്ഷണത്തെ പിന്തുണച്ചു വെള്ളിയാഴ്ച്ച വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തതിനെ തുടർന്നാണിത്. അനുമതി ലഭിച്ചതോടെ പരീക്ഷണങ്ങൾ വേഗത്തിൽ ആരംഭിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂറ്റിന് സാധിക്കും.

ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് സ്വീഡിഷ്-ബ്രിട്ടീഷ് കമ്പനിയായ അസ്ട്രാസെനെക വികസിപ്പിച്ചതാണ് കൊവിഷീൽഡ്‌ വാക്‌സിൻ. ഇതിൻ്റെ ഉൽപാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രംഗത്തുള്ളത്. വാക്‌സിൻ്റെ ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നു. ഏകദേശം 1600 പേരിൽ രണ്ട്/ മൂന്ന് ഘട്ട പരീക്ഷണങ്ങൾ നടത്താനാണ് തീരുമാനം.

കഴിഞ്ഞ ചൊവ്വാഴ്ച്ച സെറം ഇൻസ്റ്റിറ്റ്യൂറ്റിൻ്റെ മുൻപത്തെ പ്രോട്ടോകോളിൽ മാറ്റം വരുത്താൻ വിദഗ്ദ്ധ സമിതി ശുപാർശ നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മാറ്റം വരുത്തിയാണ് പരീക്ഷണത്തിന് അനുമതി നേടിയത്. പുതിയ മാറ്റമനുസരിച്ചു രാജ്യത്തെ ഇരുപതോളം ഇടങ്ങളിൽ പരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മൂന്നാം ഘട്ട പരീക്ഷണത്തിനായി ഇന്ത്യയിലെ അഞ്ച് ഇടങ്ങൾ തയ്യാറായതായി ബയോടെക്നോളജി വകുപ്പ് (ഡിബിടി) സെക്രട്ടറി രേണു സ്വരൂപ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ജൂലൈ 20 നാണ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ വിജയകരമാണെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ഗവേഷണ വിഭാഗം അറിയിച്ചത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. 18 നും 55 വയസിനുമിടയിലുള്ള 1,077 പേരില്‍ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയ ആദ്യഘട്ട പരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് വാക്‌സിൻ വിജയകരമെന്ന്‌ കണ്ടെത്തിയത്.

Share this story