കോവിഡ് ഭേദമായി ഗൾഫിൽനിന്ന് തിരിച്ചെത്തിയ ആൾക്ക് വീണ്ടും രോഗം

കോവിഡ് ഭേദമായി ഗൾഫിൽനിന്ന് തിരിച്ചെത്തിയ ആൾക്ക് വീണ്ടും രോഗം

കാഞ്ഞങ്ങാട്: ഗൾഫിൽനിന്ന് കോവിഡ് പോസിറ്റീവായതിന് ശേഷം നെഗറ്റീവായി നാട്ടിൽ തിരിച്ചെത്തി 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ പ്രവാസിക്ക് വീണ്ടും കോവിഡ്. പെരുമ്പട്ട സ്വദേശിയായ പ്രവാസിക്കാണ് ഇന്നലെ കോവിഡ് സ്ഥിരികരിച്ചത്. കയ്യൂർ-ചീമേനി പഞ്ചായത്തിലെ കാക്കടവിലെ ബന്ധുവീട്ടിലാണ് കഴിഞ്ഞ 14 ദിവസം ഇയാൾ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്.

കാസർകോട് ജില്ലയിൽ ഇന്നലെ 97 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 91 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ടു പേർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 174 പേർ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. നീലേശ്വരത്ത് നഗരസഭാ കൗൺസിലറും ബാങ്ക് ജീവനക്കാരിയും കോവിഡ് പോസിറ്റീവായവരിൽ പെടുന്നു. കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന കീഴൂർ സ്വദേശി മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് പോസിറ്റീവായി മരിച്ചവരുടെ എണ്ണം 25 ആയി. എന്നാൽ ആരോഗ്യ വകുപ്പ് ഔദേ്യാഗികമായി സ്ഥിരീകരിച്ചത് 24 ആണ്.

നീലേശ്വരം താലൂക്ക് ആശുപത്രിയിലെ സ്രവ പരിശോധനാ കേന്ദ്രത്തിൽ 14 നു നടത്തിയ 67 ആർ.ടി.പി.സി.ആർ പരിശോധനകളിൽ 31 പേരുടെയും പരിശോധനാ ഫലം പോസിറ്റീവ്. ഇതിൽ 15 പേരും നീലേശ്വരം നഗരസഭാ പരിധിയിലാണ്. തട്ടാച്ചേരി വാർഡിലെ നഗരസഭാ കൗൺസിലറും കുടുംബവും ഉൾപ്പെടെയാണിത്. ഇവരിൽ 12 പേരെയും അവരവരുടെ വീടുകളിൽ തന്നെയാണ് പരിചരിക്കുന്നത്.

മടിക്കൈ പഞ്ചായത്തിലെ കക്കാട്ട് വൈനിങ്ങാലിൽ ഒരു കുടുംബത്തിലെ മുഴുവൻ പേരും പോസിറ്റീവ് ആയി. 12 ന് പോസിറ്റീവ് ആയി ചികിത്സയിൽ കഴിയുന്ന കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മെക്കാനിക്കായ കക്കാട്ട് വൈനിങ്ങാൽ സ്വദേശിയുടെ ഭാര്യ, രണ്ട് മക്കൾ, ഭാര്യാമാതാവ് എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.

കോവിഡ് പോസിറ്റീവായവർ പടന്ന 1, മടിക്കൈ 4, കാഞ്ഞങ്ങാട് 9, കയ്യൂർചീമേനി 2, നീലേശ്വരം 15, കിനാനൂർ കരിന്തളം 2, വെസ്റ്റ് എളേരി 1, ചെറുവത്തൂർ 4, തൃക്കരിപ്പൂർ 5, കളളാർ 1, അജാനൂർ 5, മൊഗ്രാൽപുത്തൂർ 2, കാസർകോട് 6, പള്ളിക്കര 3, കാറഡുക്ക 2, ചെമ്മനാട് 24, വലിയപറമ്പ് 4, കുറ്റിക്കോൽ 1, വോർക്കാടി 1.

Share this story