ക്ലാസുകള്‍ തുറന്ന് ഒരാഴ്ചയ്ക്കിടെ കോവിഡ് വ്യാപനം കൂടി, യുഎസ് സര്‍വകലാശാല വീണ്ടും ഓണ്‍ലൈനാക്കി

ക്ലാസുകള്‍ തുറന്ന് ഒരാഴ്ചയ്ക്കിടെ കോവിഡ് വ്യാപനം കൂടി, യുഎസ് സര്‍വകലാശാല വീണ്ടും ഓണ്‍ലൈനാക്കി

ന്യൂയോര്‍ക്ക്: കോവിഡ് കെട്ടടങ്ങും മുമ്പ് ക്ലാസുകള്‍ തുറന്ന യുഎസിലെ ഏറ്റവും വലിയ കലാലയങ്ങളില്‍ ഒന്നായ യുണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന കോവിഡ് വ്യാപനം കാരണം വീണ്ടും അടച്ചു. ക്ലാസ്മുറി അധ്യാപനം ഒരാഴ്ച മാത്രമെ തുടരാനായുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനാക്കാന്‍ സര്‍വകലാശാല തീരുമാനിക്കുകയായിരുന്നു.30,000 വിദ്യാര്‍ത്ഥികളുണ്ട് ഇവിടെ.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപക പരിശോധന നടത്തിയപ്പോള്‍ 177 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചു. വൈറസ് ബാധയേല്‍ക്കാന്‍ ഇടയുണ്ടെന്ന് കണ്ടെത്തിയ 349 വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലും പുറത്തുമായി ക്വാറന്റീനിലാണെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകല്‍ ബുധനാഴ്ച ആരംഭിക്കും. പിഴയടക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകള്‍ വിട്ടു പോകാമെന്നും അധികൃതര്‍ അറിയിച്ചു.

ഈ സംഭവം സൂചിപ്പിക്കുന്നത് സമീപഭാവിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധാരണ ക്ലാസ് മുറി അധ്യാപന, പഠന രീതിയിലേക്കു തിരിച്ചെത്താനാവില്ലെന്നാണ്. വീണ്ടും പ്രവര്‍ത്തനമാരംഭിച്ച കലാലയങ്ങള്‍ക്ക് ഓണ്‍ലൈനിലേക്കും തന്നെ ചുവട് മാറേണ്ടി വന്നേക്കാം.

Share this story