സ്പെയിനിലും ഇറ്റലിയിലും ജർമനിയിലും ആശങ്ക; കോവിഡിന്റെ രണ്ടാം വരവ് ഭയന്ന് യൂറോപ്പ്

സ്പെയിനിലും ഇറ്റലിയിലും ജർമനിയിലും ആശങ്ക; കോവിഡിന്റെ രണ്ടാം വരവ് ഭയന്ന് യൂറോപ്പ്

ലണ്ടൻ: കോവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെട്ട രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശങ്ക ഉയർത്തുന്നു. യൂറോപ്പിൽ ഇറ്റലി, സ്പെയിൻ, ജർമനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർ കോവിഡ് രോഗികളായത്. ഇറ്റലിയിലും സ്പെയിനിലും കഴിഞ്ഞമാസം ഏറ്റവും കൂടുതൽ പേർ രോഗികളായത് ഇന്നലെയാണ്. ഫ്രാൻസിലും തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടിവരികയാണ്.

3715 പേർക്കാണ് ഇന്നലെ സ്പെയിനിൽ രോഗം സ്ഥിരീകരിച്ചത്. ജൂണിൽ ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇറ്റലിയിൽ 642 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മേയ് അവസാന വാരത്തിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ നിരക്കാണിത്. ജർമനിയിലും ഏപ്രിലിനു ശേഷം ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് ഇന്നലെയാണ്– 1707 പേർക്ക്. ഫ്രാൻസിൽ ഇന്നലെ 3,800 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ക്രോയേഷ്യയാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന മറ്റൊരു രാജ്യം. സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിലായിരുന്ന ക്രോയേഷ്യയെ അതിൽനിന്നു മാറ്റാനുള്ള ആലോചനയിലാണ് ബ്രിട്ടൻ. ദിവസേന ഇരുന്നൂറിലധികം രോഗികൾ എന്ന സ്ഥിതിയിലേക്ക് ക്രൊയേഷ്യ നീങ്ങുകയാണ്. രോഗവ്യാപന നിരക്ക് വർധിക്കുന്ന കണക്കുകൾ പുറത്തുവന്നതോടെ കൂടുതൽ യാത്രാ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കൽ മാർഗങ്ങളും രാജ്യങ്ങൾ ഏർപ്പെടുത്തുകയാണ്.

Share this story