കോവാക്‌സ്: ഓസ്‌ട്രേലിയ ദരിദ്രരാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ 80 മില്യണ്‍ ഡോളര്‍ വകയിരുത്തി

കോവാക്‌സ്: ഓസ്‌ട്രേലിയ ദരിദ്രരാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ 80 മില്യണ്‍ ഡോളര്‍ വകയിരുത്തി

സിഡ്നി: ഭാവിയില്‍ കണ്ടു പിടിക്കപ്പെടുന്ന ഏത് കോവിഡ് 19 വാക്‌സിനും ലോകത്തിലെ ദരിദ്രരാജ്യങ്ങള്‍ക്ക് വളരെ ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കുന്നതിനുള്ള ആഗോള യജ്ഞത്തില്‍ പങ്കാളിയാകുവാന്‍ ഓസ്‌ട്രേലിയയും തീരുമാനിച്ചു. ഇതിനായി 80 മില്യണ്‍ ഡോളറാണ് ഓസ്‌ട്രേലിയ വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനുള്ള പണം നിലവിലെ ബജറ്റില്‍ നിന്നാണ് വകയിരുത്തുന്നതെന്ന ആശങ്കയുമുണ്ട്. കാനഡ, ഇറ്റലി,യുഎസ് അടക്കമുള്ള നിരവധി രാജ്യങ്ങള്‍ കോവാക്‌സ് എഎംസിക്കായി ഇത്തരം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ കോവിഡ് വാക്‌സിനുകള്‍ വികസ്വര രാജ്യങ്ങള്‍ക്കും ദരിദ്ര രാജ്യങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു ഫിനാന്‍സ് മെക്കാനിസമാണ് കോവാക്ട് എഎംസി. ഇന്റര്‍നാഷണല്‍ വാക്‌സിന്‍ അലയന്‍സായ ജിഎവിഐ ആണ് ഈ ഇനീഷ്യേറ്റീവ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ മനുഷ്യത്വപരമായ നീക്കത്തെ പിന്തുണക്കാന്‍ പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഫാര്‍മസ്യൂട്ടീക്കല്‍ ഇന്റസ്ട്രി, ധനിക രാജ്യങ്ങള്‍ തുടങ്ങിയവര്‍ക്ക് മേല്‍ ജിഎവിഐ സമ്മര്‍ദം ചെലുത്തുന്നുമുണ്ട്.

ഭാവിയില്‍ നിര്‍മിച്ച് പുറത്തിറക്കുന്ന ഏത് കോവിഡ് വാക്‌സിനും സുരക്ഷിതവും ഫലപ്രദവും താങ്ങാവുന്ന വിലയിലുള്ളതുമായിരിക്കണമെന്ന് ഓസ്‌ട്രേിയ ആഗ്രഹിക്കുന്നുവെന്നാണ് ഒരു പ്രസ്താവനയിലൂടെ വിദേശകാര്യ മന്ത്രിയായ മറീസ് പായ്‌നെയും ആരോഗ്യ മന്ത്രിയായ ഗ്രെഗ് ഹണ്ടും വ്യക്തമാക്കിയിരിക്കുന്നത്. കോവാക്‌സ് എഎംസിയെ പിന്തുണക്കുന്നതിന്റെ ഭാഗമായി കോവിഡ് വാക്‌സിനുകള്‍ പസിഫിക്ക് ദ്വീപുകള്‍ , സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ലഭ്യമാക്കുമെന്നുറപ്പാക്കാന്‍ ഓസ്‌ട്രേലിയ പിന്തുണയേകുമെന്നും മിനിസ്റ്റര്‍മാര്‍ ഉറപ്പേകുന്നു.

Share this story