കോവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് കുവൈറ്റ്

കോവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: കോവിഡ് കേസുകളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് കുവൈറ്റ്. 85,811 ആണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ 85,048 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ചൈനയിൽ മരണം കൂടുതലാണ്. 4,634 പേരാണ് അവിടെ മരിച്ചത്. കുവൈറ്റിൽ ഇന്നലെ മരിച്ച മൂന്ന് പേർ ഉൾപ്പെടെ 534 രോഗികളാണ് ഇതുവരെ മരണമടഞ്ഞത്. 0.006 ശതമാനം മാത്രമാണ് കോവിഡ് രാജ്യത്തെ മരണനിരക്ക്. ചൈനയിൽ ഇത് 0.05 ശതമാനമാണ്.

80,177 പേർ ചൈനയിൽ രോഗമുക്തി നേടിയപ്പോൾ കുവൈറ്റിൽ 77,657 രോഗികൾ സുഖം പ്രാപിച്ചു.
കുവൈറ്റിൽ ഇന്നലെ 702 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 85,811 പേർക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 433 പേർ രോഗമുക്തി നേടി. ചികിത്സയിൽ കഴിയുന്ന 7620 രോഗികളിൽ 90 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 3997 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽസനദ് വ്യക്തമാക്കി.

2019 നവംബർ 17 ന് ചൈനയിലെ വുഹാനിലാണ് ലോകത്തെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 24 നാണ് കുവൈത്തിൽ ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും ലോക്ഡൗണിലൂടെയാണ് കോവിഡിനെ നേരിട്ടത്. അഞ്ചു മാസം നീണ്ട ലോക്ഡൗൺ കഴിഞ്ഞയാഴ്ച കുവൈത്ത് നീക്കിയിരുന്നു. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ലോക്ഡൗൺ പ്രഖ്യാപിച്ചത് ഈ അറബ് രാജ്യമാണ്.

Share this story