കൊവിഡ് രോഗികളുടെ കണക്കിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യ; 24 മണിക്കൂറിനിടെ 90,802 പുതിയ കേസുകൾ

കൊവിഡ് രോഗികളുടെ കണക്കിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യ; 24 മണിക്കൂറിനിടെ 90,802 പുതിയ കേസുകൾ

തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിലെ കൊവിഡ് പ്രതിദിന വർധനവ് 90,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 42 ലക്ഷമായി

24 മണിക്കൂറിനിടെ 1016 പേർ മരിച്ചു. 71,642 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 42,04,614 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8.83 ലക്ഷം പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. 32.51 ലക്ഷം പേർ രോഗമുക്തി നേടി.

നിലവിൽ ഏറ്റവും രൂക്ഷമായ രോഗവ്യാപനം ഉള്ളത് ഇന്ത്യയിലാണ്. അമേരിക്കയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 31,110 പുതിയ കേസുകളാണ്. ഇന്ത്യയിൽ ഇന്നലെ 91,723 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിന് മുകളിൽ ഇന്ത്യയിൽ ആളുകൾ പ്രതിദിനം മരിക്കുമ്പോൾ അമേരിക്കയിലും ബ്രസീലിലും ഇത് 500ൽ താഴെയാണ്.

ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 2.72 കോടിയായി. 8.87 ലക്ഷം പേരാണ് മരിച്ചത്. 1.93 കോടി പേർ രോഗമുക്തി നേടി. 70 ലക്ഷം പേർ ചികിത്സയിൽ തുടരുന്നു. യുഎസിൽ 64 ലക്ഷം പേർക്ക് രോഗം ബാധിച്ചു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ 42 ലക്ഷം പേർക്കും.

Share this story