വിക്ടോറിയയില്‍ രണ്ട് മാസങ്ങള്‍ക്കിടെ തീരെ കോവിഡ് മരണങ്ങളുണ്ടാകാത്ത ദിവസം;ഇന്നലെ സ്ഥിരീകരിച്ചത് വെറും 42 കേസുകള്‍

വിക്ടോറിയയില്‍ രണ്ട് മാസങ്ങള്‍ക്കിടെ തീരെ കോവിഡ് മരണങ്ങളുണ്ടാകാത്ത ദിവസം;ഇന്നലെ സ്ഥിരീകരിച്ചത് വെറും 42 കേസുകള്‍

വിക്ടോറിയയില്‍ രണ്ട് മാസങ്ങള്‍ക്കിടെ തീരെ കോവിഡ് മരണങ്ങളുണ്ടാകാത്ത ദിവസം ഇന്നലെ സംജാതമായെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇന്നലെ 42 പുതിയ രോഗികളെ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നതും പ്രതീക്ഷക്ക് വകയേകുന്നു. കഴിഞ്ഞ വാരങ്ങളിലായി കോവിഡിന്റെ രണ്ടാം തരംഗത്താല്‍ മരണങ്ങളും രോഗികളുടെ എണ്ണവും കുത്തനെ ഉയര്‍ന്നിരുന്ന സ്ഥാനത്താണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്. 14 ദിവസത്തെ കേസ് ആവറേജുകള്‍ പ്രകാരം റീജിയണല്‍ വിക്ടോറിയയിലും മെട്രൊപൊളിറ്റന്‍ മെല്‍ബണിലും കേസുകളുടെ എണ്ണം ക്രമത്തില്‍ ഇടിയുകയാണ് ചെയ്യുന്നത്.

ഇതിന് മുമ്പ് വിക്ടോറിയയില്‍ ജൂലൈ 13നായിരുന്നു തീരെ കോവിഡ് മരണങ്ങളില്ലാത്ത ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതിനെ തുടര്‍ന്ന് റീജിയണല്‍ വിക്ടോറിയ കോവിഡ് നിയന്ത്രണളുടെ അടുത്ത ഘട്ടത്തിലേക്ക് നാളെ മുതല്‍ നീങ്ങുമെന്നാണ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് പറയുന്നത്. നിലവില്‍ കോവിഡ് മരണമില്ലാത്ത ദിവസമെത്തിയതും കേസുകളുടെ എണ്ണം കുറയുന്നതും പോസിറ്റീവായ കാര്യമാണെന്നും ആന്‍ഡ്ര്യൂസ് പറയുന്നു.

വിക്ടോറിയക്കാര്‍ ഒന്നിച്ച് നിന്ന് കോവിഡിനെ പിടിച്ച് കെട്ടിയെന്ന അഭിമാനിക്കാവുന്ന മുഹുര്‍ത്തമാണിതെന്നാണ് പ്രീമിയര്‍ എടുത്ത് കാട്ടുന്നത്. മെട്രൊപൊളിറ്റന്‍ മെല്‍ബണിലെ 14 ദിവസത്തെ കേസ് ശരാശരി തൊട്ട് തലേദിവസത്തെ 54.4 ല്‍ നിന്നും ഇന്നലെ 52.9 ആയാണ് ഇടിഞ്ഞിരിക്കുന്നത്. റീജിയണല്‍ വിക്ടോറിയയില്‍ ഇത് 3.9ല്‍ നിന്നും 3.6 ആയും ഇടിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് 30നും സെപ്റ്റംബര്‍ 12നും ഇടയിലുള്ള രണ്ടാഴ്ചക്കാലത്തിനിടെ മെട്രൊപൊളിറ്റന്‍ മെല്‍ബണില്‍ 82 കേസുകളാണ് ഉറവിടമറിയാത്തവയായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. റീജിയണല്‍ വിക്ടോറിയയില്‍ ഇത്തരം കേസ് ഇക്കാലത്ത് ഒന്ന് മാത്രമായിരുന്നു.

Share this story