കൊവിഡ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ച കാര്യം ലോകാരോഗ്യ സംഘടനക്ക് അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

കൊവിഡ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ച കാര്യം ലോകാരോഗ്യ സംഘടനക്ക് അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

ന്യൂയോര്‍ക്ക്: കൊവിഡ് -19 വുഹാനിലെ ലാബില്‍ വികസിപ്പിച്ചെടുത്തതാണെന്ന് ലോകാരോഗ്യ സംഘടനക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ അധികൃതര്‍ അത് മറച്ചു വെച്ചുവെന്നും വെളിപ്പെടുത്തി ചൈനീസ് വൈറോളജിസ്റ്റായ ഡോ. ലീ മെങ് യാന്‍.

കൊവിഡ് മനുഷ്യ നിര്‍മ്മിതമാണെന്നും ഇത് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബില്‍ വികസിപ്പിച്ചെടുത്തതാണെന്നും ഡോ. ലീ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലേകാരോഗ്യ സംഘടനക്കെതിരെ അവര്‍ രംഗത്തെത്തിയത്.

വൈറസ് ആദ്യമായി ഉത്ഭവിച്ചതെന്ന് കരുതുന്ന വുഹാനിലെ വെറ്റ് മാര്‍ക്കറ്റ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വെറുമൊരു പുകമറ മാത്രമാണെന്നും ഡോ. ലീ വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തെ കുറിച്ച് സര്‍ക്കാരിന് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്നും എന്നാല്‍ വിവരം മൂടിവെക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും ഡോ. ലീ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അത് ചെവിക്കൊള്ളാതെ വന്നപ്പോള്‍ സ്വന്തം സുരക്ഷയ്ക്കായി യു.എസിലേക്ക് പലായനം ചെയ്യുകയായിരുന്നുവെന്നും ഇപ്പോള്‍ തന്റെ കണ്ടെത്തലുകള്‍ ലോകത്തോട് വിളിച്ചു പറയാന്‍ തീരുമാനിച്ചുവെന്നും ഡോ. ലീ അവകാശപ്പെടുന്നു.

ചൈനീസ് സര്‍ക്കാര്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനാലാണ് താന്‍ രാജ്യം വിടുന്നതെന്നും ലീ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഡോ. ലീയുടെ അക്കൗണ്ട് ട്വിറ്റര്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.

അതേസമയം, വുഹാനിലെ ഒരു ലാബിലാണ് കൊവിഡിനെ നിര്‍മ്മിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാസങ്ങള്‍ക്ക് മുമ്പ് ആരോപിച്ചിരുന്നു.

ചൈനയിലെ ഏക ലെവല്‍-ഫോര്‍ ബയോ സേഫ്റ്റി ലാബ് ഉള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വര്‍ഷങ്ങളായി കൊറോണ വൈറസുകളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.

Share this story