കൊവിഡ് വ്യാപന നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത്: സംസ്ഥാനത്ത് കനത്ത ആശങ്ക

കൊവിഡ് വ്യാപന നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത്: സംസ്ഥാനത്ത് കനത്ത ആശങ്ക

തിരുവനന്തപുരം: കൊവിഡ് വ്യാപന നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത്. കഴിഞ്ഞ ദിവസം വരെയുള്ള രോഗികളുടെ വര്‍ദ്ധന നിരക്ക് കേരളത്തില്‍ 3.4 ശതമാനമാണ്. 20 ദിവസം കൂടുമ്പോൾ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനം രാജ്യത്ത് നാലാമതാണ്. ഛത്തീസ്ഗഡും അരുണാചല്‍ പ്രദേശുമാണ് കേരളത്തിന് പിന്നിലുള്ളത്. മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കര്‍ണാടകവുമാണ് കേരളത്തിന് മുന്നിലുള്ളത്. പ്രതിദിന രോഗവര്‍ദ്ധനവിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടി.പി.ആര്‍) ഉയരുകയാണ്.

കേരളത്തില്‍ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പരിശോധനാ നിരക്ക് വീണ്ടും താഴേക്ക് പോയിരിക്കുകയാണ്. ഓണത്തോട് അനുബന്ധിച്ച്‌ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചപ്പോള്‍ അത് ദുരുപയോഗം ചെയ്തതാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. സമരങ്ങളുടെ പേരില്‍ ആളുകള്‍ ഒത്തുകൂടിയതും രോഗവ്യാപനത്തിന് കാരണമായി. ഈ മാസം മാത്രം ഒരു ലക്ഷത്തിലേറെ രോഗികളാണ് ഉണ്ടായത്.

Share this story