കാനഡയില്‍ കോവിഡ് പ്രതികരണത്തില്‍ വന്‍ അസമത്വം;അത് പരിഹരിക്കുന്നതിനായി കൂടുതല്‍ ഫണ്ട് അത്യാവശ്യമെന്ന് നിര്‍ദേശം

കാനഡയില്‍ കോവിഡ് പ്രതികരണത്തില്‍ വന്‍ അസമത്വം;അത് പരിഹരിക്കുന്നതിനായി കൂടുതല്‍ ഫണ്ട് അത്യാവശ്യമെന്ന് നിര്‍ദേശം

ഒട്ടാവ: കോവിഡ് പ്രതികരണത്തില്‍ വന്‍ അസമത്വങ്ങളുണ്ടായിട്ടുണ്ടെന്നും അത് പരിഹരിക്കുന്നതിനായി കൂടുതല്‍ ഫണ്ട് അത്യാവശ്യമായി വന്നിരിക്കുന്നുവെന്ന് നിര്‍ദേശിച്ച് ദി അസംബ്ലി ഓഫ് ഫസ്റ്റ് നാഷന്‍സ് റീജിയണല്‍ ചീഫ് ഇന്‍ ആല്‍ബര്‍ട്ട ആയ മാര്‍ലെനെ പോയിട്രാസ് രംഗത്തെത്തി. കാനഡയില്‍ കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനുള്ള നടപടികളും പ്രതികരണങ്ങളും കുറയുന്നുവെന്നും ആരോഗ്യ, സാമ്പത്തിക, സാമൂഹിക രംഗങ്ങളിലുള്ള അസമത്വങ്ങളാണ് ഇതിന് കാരണമെന്നും ഹൗസ് ഓഫ് കോമണ്‍സ് ഇന്‍ഡിജനുസ് ആന്‍ഡ് നോര്‍ത്തേണ്‍ അഫയേര്‍സ് കമ്മിറ്റിയില്‍ സംസാരിക്കവേ മാര്‍ലെനെ എടുത്ത് കാട്ടുന്നു.

കോവിഡ് പ്രതിസന്ധി കാരണം ഫസ്റ്റ് നാഷന്‍സുകാര്‍ വീടുകളുടെയും കുടിവെള്ളത്തിന്റെയും ക്ഷാമം നേരിടുന്നുവെന്നും അത്യാവശ്യമായ ആരോഗ്യ സേവനങ്ങള്‍ കൂടി ലഭിക്കാന്‍ ഇവര്‍ പാടുപെടുന്നുവെന്നും മാര്‍ലെനെ വെളിപ്പെടുത്തുന്നു. ഇതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അര്‍ത്ഥവത്തായ നിക്ഷേപം അത്യാവശ്യമാണെന്നും മാര്‍ലെനെ സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു. കാനഡയിലെ ഫസ്റ്റ് നാഷന്‍സുകാര്‍ ഇപ്പോഴുള്ളതിനേക്കാള്‍ വള്‍നറബിളായ അവസ്ഥയിലേക്ക് നീങ്ങരുതെന്നും അതിന് വേണ്ടി ഇപ്പാള്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും മാര്‍ലെനെ മുന്നറിയിപ്പേകുന്നു.

ഫസ്റ്റ്‌നാഷന്‍സ് വസിക്കുന്ന പ്രദേശങ്ങളിലെ കോവിഡ് ബാധയോട് ഫെഡറല്‍ സര്‍ക്കാരിനുള്ള പ്രതികരണം താരതമ്യേന മന്ദഗതിയിലാണെന്നും ഇക്കാരണത്താല്‍ ഇവിടങ്ങളില്‍ രോഗം വഷളാകുന്നുവെന്നും ഇത് കോവിഡ് പ്രതികരണത്തിലെ അസമത്വത്തെയാണ് എടുത്ത് കാട്ടുന്നതെന്നും മാര്‍ലെനെ വെളിപ്പെടുത്തുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ കോവിഡ് അത്ര രൂക്ഷമല്ലെങ്കിലും അവിടെ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുവെന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നു.

Share this story