ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ്; വിമാന സര്‍വീസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ചൈന

ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ്; വിമാന സര്‍വീസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ചൈന

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയില്‍ തിരിച്ചെത്തിയവരില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ ചൈന അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യയും ചൈനയും തമ്മിലുളള കൊമേഴ്ഷ്യല്‍ വിമാനസര്‍വീസുകള്‍ ഇതുവരെ പുനരാരംഭിച്ചിരുന്നില്ലെങ്കിലും വന്ദേഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ ചൈനയിലേക്ക് സര്‍വീസ് നടത്തിയിരുന്നു.

1500 ഇന്ത്യക്കാര്‍ ചൈനയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി ബീജിങ്ങിലുളള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചൈനയുടെ പുതിയ തീരുമാനം ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ‘മഹാമാരിയെ നേരിടാനുളള ന്യായമായ നടപടിയാണിതെ’ന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

ചൈനീസ് വിസയോ, റെസിഡന്‍സ് പെര്‍മിറ്റോ കൈവശമുളള ഇന്ത്യക്കാരുടെ ചൈനയിലേക്കുളള പ്രവേശനവും താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന ആരോഗ്യപരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ ചൈന എംബസി/കോണ്‍സുലേറ്റുകളോ സ്റ്റാമ്പ് ചെയ്യില്ലെന്നും ചൈനീസ് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ ചൈനീസ് നയതന്ത്ര, സേവന, സി-വിസകള്‍ കൈവശമുളളവര്‍ക്ക് ഇത് ബാധകമല്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര- മാനുഷികാവശ്യങ്ങള്‍ക്കായി ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസക്കായി ഇന്ത്യയിലെ ചൈനീസ് എംബസിയിലോ കോണ്‍ലേറ്റുകളിലോ അപേക്ഷ സമര്‍പ്പിക്കാനാവും. 2020 നവംബര്‍ മൂന്നിന് ശേഷം നല്‍കിയ വിസകളുളളവര്‍ക്കും പ്രവേശന വിലക്കില്ല.

വന്ദേഭാരത് മിഷന്‍ വഴി കഴിഞ്ഞ വെളളിയാഴ്ച ചൈനയിലെത്തിയ ഇന്ത്യക്കാരില്‍ 23 പേരാണ് കൊവിഡ് പോസിറ്റിവായിരുന്നത്. ഇവരില്‍ 19 പേര്‍ക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

Share this story