വിക്ടോറിയയിലെ ഏയ്ജ്ഡ് കെയര്‍ മേഖല കോവിഡ് മുക്തമായി; ജൂണ്‍ 15ന് ശേഷം തീരെ കോവിഡ് കേസില്ലാത്ത ദിവസം

വിക്ടോറിയയിലെ ഏയ്ജ്ഡ് കെയര്‍ മേഖല കോവിഡ് മുക്തമായി; ജൂണ്‍ 15ന് ശേഷം തീരെ കോവിഡ് കേസില്ലാത്ത ദിവസം

സിഡ്നി: വിക്ടോറിയയിലെ ഏയ്ജ്ഡ് കെയര്‍ മേഖല ജൂണ്‍ മുതലുള്ള കാലത്തിനിടെ ഇതാദ്യമായി തീര്‍ത്തും കോവിഡ് മുക്തമായെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. വിക്ടോറിയയില്‍ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഇവിടുത്തെ ഏയ്ജ്ഡ് കെയര്‍ മേഖലയെയായിരുന്നു ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരുന്നത്. വിക്ടോറിയയില്‍ വ്യാഴാഴ്ച വരെയുള്ള ആറ് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഒരൊറ്റ കോവിഡ് കേസുകളും രേഖപ്പെടുത്തിയില്ലെന്ന ആശ്വാസകരമായ. വസ്തുത നിലനില്‍ക്കവേയാണ് ഏയ്ജ്ഡ് കെയര്‍ മേഖലയില്‍ നിന്നും പ്രതീക്ഷാ നിര്‍ഭരമായ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

വിക്ടോറിയയിലെ ഏയ്ജ്ഡ് കെയര്‍ മേഖലയില്‍ നിലവില്‍ ഒരൊറ്റ ആക്ടീവ് കോവിഡ് കേസുകളുമില്ലെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ജൂണ്‍ 15ന് ശേഷം ഇതാദ്യമായിട്ടാണ് ഏയ്ജ്ഡ് കെയര്‍ മേഖലയില്‍ ഈ സ്റ്റേറ്റില്‍ ഒരൊറ്റ ആക്ടീവ് കേസുമില്ലാത്ത അവസ്ഥയുണ്ടായിരിക്കുന്നത്. നവംബര്‍ നാലിന് വൈകുന്നേരമായിരുന്നു സ്റ്റേറ്റില്‍ ഏയ്ജ്ഡ് കെയര്‍ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചിരുന്നത്.

വിക്ടോറിയക്കാര്‍ കോവിഡ് രണ്ടാം തരംഗത്തോട് സമയോചിതവും ജാഗ്രതയോടെയും പ്രതികരിച്ചതിന്റെ ഗുണഫലമാണ് ഏയ്ജ്ഡ് കെയര്‍ മേഖല കോവിഡ് മുക്തായിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് ഒരു പ്രസ്താവനയിലൂടെ ജനത്തെ പുകഴ്ത്തിയിരിക്കുന്നത്. നാളിതുവരെ വിക്ടോറിയയില്‍ 819 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവയില്‍ ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത് ഏയ്ജ്ഡ് കെയര്‍ മേഖലയിലായിരുന്നു. മെല്‍ബണിന്റെ നോര്‍ത്തേണ്‍ സബര്‍ബ്സിലെ ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റിയായ എപ്പിംഗ് ഗാര്‍ഡന്‍സിലാണ് കോവിഡ് ഏറ്റവും കൂടുല്‍ നാശം വരുത്തിയിരി്ക്കുന്നത്. ഇവിടെ 220 കേസുകളും 38 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്റ് ബേസില്‍സ് ഹോമില്‍ 216 കേസുകളും 44 മരണങ്ങളുമുണ്ടായിരുന്നു.

Share this story