അധ്യാപകർ ആരായിരിക്കണം? മൂല്യച്യുതി സംഭവിക്കുന്നത് എവിടെ?

അധ്യാപകർ ആരായിരിക്കണം? മൂല്യച്യുതി സംഭവിക്കുന്നത് എവിടെ?

ഒരു തലമുറയെ ഉണർത്താനും മാനുഷിക മൂല്യങ്ങൾ പകർന്ന് അവരെ മനുഷ്യത്വത്തിന്റെ പൂർണതയിലേക്കെത്തിക്കാനും ദൈവം നേരിട്ടയച്ച ദൂതന്മാരാണ് അധ്യാപകരെന്നാണ് പൊതുവെ പറയാറ്. ഏറ്റവും മൂല്യമുള്ള സത്പ്രവർത്തിയാണ് അധ്യാപനം. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് ഒരിക്കലും ഒരു അധ്യാപകരും ചെയ്യാൻ പാടില്ലാത്ത ചില സംഭവങ്ങളാണ്.

കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കം നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകർ 2 വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂർണ്ണമായും എഴുതുകയും 32 പേരുടെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പേപ്പറിൽ കൂടുതൽ മാർക്ക് ലഭിക്കത്തക്കവിധം തിരുത്തലുകൾ വരുത്തുകയും ചെയ്തുവെന്നുമുള്ള വാർത്ത അധ്യാപക ലോകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. വിദ്യാർത്ഥികളോട് അധ്യാപകർ ചെയ്ത വഞ്ചനയായിരുന്നു ഇത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിലെ പരീക്ഷ ചീഫ് സൂപ്രണ്ട് കൂടിയായ പ്രിൻസിപ്പാൾ, ഡെപ്യൂട്ടി ചീഫ്, അഡീഷണൽ ഡെപ്യൂട്ടി ചീഫ് എന്നിവരെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെങ്കിലും നഷ്ടപ്പെടുത്തിയത് വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യത്തെയായിരുന്നു.

സ്‌കൂളിന്റെ വിജയത്തിളക്കത്തിനായിരുന്നു ഈ അധ്യാപകരുടെ പാടുപെടൽ. എന്നാൽ വിദ്യാർത്ഥികളോടുള്ള ധാർമ്മിക ഉത്തരവാദിത്വമാണ് അധ്യാപകർ മറന്നത്. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ ആ മാറ്റം മൂല്യങ്ങളെയും ബാധിക്കുന്നുവെന്നതിന് തെളിവായിരുന്നു ഇത്. എന്നാൽ ഒരു കാര്യം മറക്കരുത് വിദ്യാഭ്യാസം കൊണ്ടേ മനുഷ്യനെ സംസ്‌കരിക്കാനാവൂ. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കൊണ്ടു മാത്രമേ നല്ലൊരു സമൂഹത്തിനെ വാർത്തെടുക്കാനാവൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഴത്തിനു മുഴം മുളച്ചു പൊന്തുന്ന നമ്മുടെ നാടുകളിൽ പോലും അവ അധാർമികതയുടെ കൂത്തരങ്ങായി മാറുകയാണ്.

നല്ല നാളെയുടെ സ്രഷ്ടാവ് കൂടിയാണ് ഓരോ വിദ്യാർത്ഥിയും. വരും തലമുറയ്ക്ക് ജ്ഞാനത്തിന്റെ വെളിച്ചം കൊടുക്കേണ്ടവർ. അവന്റെ ആത്മീയ ജീവിതത്തിന്റെ നിറവാർന്ന പുസ്തകം വായിച്ചിട്ടു വേണം പുതിയ സമൂഹത്തിന് ജീവിക്കാൻ. കാലവും ചുറ്റുപാടുകളും തിന്മകൾക്കായി നിലവിളി കൂട്ടുമ്പോൾ സംശുദ്ധമായ ജീവിതം കൊണ്ട് തിരുത്തു കുറിക്കേണ്ടത് വിദ്യാർത്ഥിയുടെ ബാധ്യതയാണ്. ആത്മാവിനും സമൂഹത്തിനും അവന്റെ ജ്ഞാനത്തിന്റെ പ്രകാശം നൽകുമ്പോഴാണ് ഒരു നല്ല പൗരൻ രൂപപ്പെടുന്നത്. അറിവും അറിവു നൽകുന്ന പാഠവും തുടർന്നുള്ള അവന്റെ ജീവിത നടപ്പുകളേയും സ്വാധീനിക്കാൻ ഒരു അധ്യാപകന് സാധിക്കും. ആ അധ്യാപകൻ ഒരിക്കലും അവനൊരു ദുർമാതൃകയാവരുത്. സ്‌കൂളുകൾ തമ്മിലുള്ള വിജയവെല്ലുവിളികൾക്കിടയിൽ വിദ്യാർത്ഥിയുടെ നന്മയെ നിങ്ങൾ കെടുത്തി കളയരുത്. യുവത്വത്തിന്റെ ധാർമിക പ്രസരിപ്പുള്ള വിദ്യാർത്ഥിത്വത്തെ സൃഷ്ടിക്കുക എന്നത് ഒരു ഗുരുവിന്റെ സവിശേഷതയാണ്. അവർക്ക് സംസ്‌കാര ബോധത്തിന്റെയും സാമൂഹിക സേവനങ്ങളുടെയും തിളക്കം ലഭിക്കുന്നത് ഗുരുവിനോടുള്ള ആദരവിന്റെയും ബഹുമാനത്തിന്റെയും ഹേതുവായിട്ടാണ്. ഇക്കാലത്ത് പൂർണമായും വിസ്മരിക്കപ്പെട്ട ബഹുമതികളാണ് ഇവ. ജ്ഞാന സമ്പാദനത്തിന് പ്രാപ്തിയും കഴിവും സ്വായത്തമാക്കുന്നതിലും സമൂഹത്തിന് കൈമാറുന്നതിലും ആധുനിക വിദ്യാർത്ഥികൾ പരാജയപ്പെടുന്നതിന്റെയും പിന്നിൽ നഷ്ടപ്പെട്ട ഗുരുശിഷ്യ ബന്ധം തന്നെയാണ്. ഇനിയുമെങ്കിലും ഇത് നഷ്ടപ്പെടാതിരിക്കട്ടെ, നല്ല അധ്യാപകരും ശിഷ്യന്മാരും ഈ ലോകത്തിന് ഇനിയും ആവശ്യമാണ്. നല്ല നാളേക്കു വേണ്ടി.

Share this story