സൗദിയിൽ പുതിയ അധ്യയന വർഷം 30 മുതൽ; ഏഴാഴ്ച ഓൺലൈൻ ക്ലാസ്സുകൾ

സൗദിയിൽ പുതിയ അധ്യയന വർഷം 30 മുതൽ; ഏഴാഴ്ച  ഓൺലൈൻ ക്ലാസ്സുകൾ

റിയാദ്: സൗദി അറേബ്യയില്‍ സ്‌കൂളുകളിലെ പുതിയ അധ്യയന വര്‍ഷാരംഭം വിദൂര വിദ്യാഭ്യാസ സംവിധാനം വഴിയായിരിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖ് അറിയിച്ചു. ഓഗസ്റ്റ് 30 മുതല്‍ ഒക്ടോബര്‍ 15 വരെ ഏഴാഴ്ചത്തേക്കാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍. ഈ അധ്യയന വര്‍ഷം സ്‌കൂളുകളുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആശങ്കക്കും ഇതോടെ അറുതിയായി.

മാനേജര്‍, സെക്രട്ടറി തുടങ്ങി അധ്യാപകരല്ലാത്ത അഡ്മിന്‍, അക്കാദമിക് മേഖലയിലുള്ള എല്ലാ ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം. അധ്യാപകര്‍ ആഴ്ചയിലൊരിക്കല്‍ സ്‌കൂളിലെത്തി മാനേജ്മന്റുമായി സംവദിക്കണം. സ്‌കൂളുകളിലെത്താന്‍ സാധിക്കാത്തവര്‍ക്ക് ആവശ്യമായ വിട്ടുവീഴ്ചയും ചെയ്യാവുന്നതാണ്. ഇന്റര്‍മീഡിയറ്റ്, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് രാവിലെ ഏഴു മണിക്കും പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് വൈകീട്ട് മൂന്നിനുമാണ് ക്ലാസ് നടക്കുക.

സൗദി സ്കൂളുകളിലെ അധ്യയന വര്‍ഷാരംഭം എങ്ങനെയായിരിക്കുമെന്നതായിരുന്നു ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഇതുവരെയുണ്ടായിരുന്ന ആശങ്ക. സൗദി വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകള്‍ തുറന്ന് അധ്യയനം ആരംഭിക്കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യന്‍ സ്‌കൂളുകളും തുറക്കേണ്ടിവരുമായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വിദ്യാര്‍ഥികളെ ക്ലാസിലിരുത്തി പഠിപ്പിക്കുമെന്നതടക്കമുള്ള നിരവധി വാര്‍ത്തകളും ഇതിനിടെ പ്രചരിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനത്തോടെ അതിന് അറുതിയായി.

Share this story