സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ സ്‌കൂളുകള്‍ സെപ്തംബര്‍ 21 മുതല്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒമ്പതാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുളള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂളുകളില്‍ നേരിട്ടെത്തിയുള്ള പഠനം പുനരാംരംഭിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.

സ്‌കൂളില്‍ പോകുന്നതുമായി ബന്ധപ്പെട്ട് അധ്യാപകരുടെ അഭിപ്രായം കൂടി പരിഗണിച്ച് കുട്ടികള്‍ക്ക് സ്വമേധയാ തീരുമാനം എടുക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടുമാത്രമേ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പാടുളളൂ. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ മാനദണ്ഡങ്ങളും സ്വീകരിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കാമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന ഏറെ ആശങ്കകള്‍ക്കും സുരക്ഷാ പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന് നിരീക്ഷണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.

Share this story