അധികാരത്തിൽ ഈഴവർക്ക് പ്രാതിനിധ്യം വേണം; രാഷ്ട്രീയ ശക്തിയായി സംഘടന മാറണം: വെള്ളാപ്പള്ളി

ക്രിസ്ത്യാനിക്കും മുസ്ലീമിനുമൊക്കെ ജാതി പറയാം, ഈഴവന് മാത്രം ജാതി പറയാൻ പറ്റില്ലെന്നാണ് പലരുടെയും നിലപാടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിശ്വാസമുള്ള പാർട്ടിയിൽ ഈഴവ സമുദായംഗങ്ങൾ വളർന്ന് വലുതാകണം. ഒരു ക്രിസ്ത്യൻ സമുദായം ഇപ്പോഴേ അധികാരത്തിൽ എത്താൻ ശ്രമം തുടങ്ങി. മുസ്ലിം ലീഗ് തന്ത്രപൂർവം അധികാരം പിടിച്ച് മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു
അധികാരത്തിൽ ഈഴവർക്ക് പ്രാതിനിധ്യം വേണം. നമ്മുടെ സമുദായ അംഗങ്ങളെ ഓരോ പാർട്ടിയും അധികാരത്തിൽ എത്തിക്കണം. രാഷ്ട്രീയ ശക്തിയായി സംഘടന മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈയിലാണ്. ഒരു കോളേജ് തന്നിട്ട് തുടങ്ങിയ കാലത്തെ കോഴ്‌സുകൾ മാത്രമേ ഇപ്പോഴുമുള്ളു. എന്നാൽ മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു
സൂംബ ഡാൻസിന് എന്താണ് കുഴപ്പം. ഇത് മുസ്ലീം വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ല. ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്. സ്‌കൂൾ സമയമാറ്റം കോടതിവിധിപ്രകാരമാണ്. ഉടൻ സമസ്ത പറഞ്ഞത് ഓണവും ക്രിസ്മസ് അവധിയും വെട്ടിക്കുറക്കാനാണ്. അവർക്ക് അര മണിക്കൂർ അഡ്ജസ്റ്റ് ചെയ്യാനാകില്ല. ഇതാണോ മതേതരത്വമെന്നും വെള്ളാപ്പള്ളി ചോദിച്ചു.