പ്രവാസികളുടെ താമസാനുമതി പരിമിതപ്പെടുത്തണമെന്ന് കുവൈത്ത് എം പി

പ്രവാസികളുടെ താമസാനുമതി പരിമിതപ്പെടുത്തണമെന്ന് കുവൈത്ത് എം പി

കുവൈത്ത് സിറ്റി: രാജ്യത്ത് അഞ്ച് വർഷത്തേക്ക് മാത്രമെ പ്രവാസികളെ താമസിക്കാൻ അനുവദിക്കാവൂവെന്ന് കുവൈത്തിലെ പാർലിമെന്റംഗം സഫ അൽ ഹാശിം. താമസാനുമതി ദീർഘിപ്പിക്കുന്നുണ്ടെങ്കിൽ സമാന കാലയളവിലേക്ക് പരിമിതപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാകണം താമസാനുമതി ദീർഘിപ്പിക്കേണ്ടത്. പ്രവാസികളെ കുടുംബത്തോടൊപ്പം രാജ്യത്തു നിന്ന് പുറത്താക്കി തിരിച്ചുവരവ് തടയേണ്ട കേസുകളുടെ ഒരു പട്ടിക തന്നെ അവർ പുറത്തിറക്കിയിട്ടുണ്ട്.

താമസാനുമതി കാലാവധി കഴിയൽ, ബതാഖയിലെ തൊഴിലിൽ നിന്നും വ്യത്യസ്ത തൊഴിലിൽ ഏർപ്പെടുക, സ്പോൺസർക്കല്ലാതെ തൊഴിലെടുക്കുക, നിർമാണ മേഖലയിലെ നാൽപ്പത് വയസ്സ് കഴിഞ്ഞതും ശാരീരിക വെല്ലുവിളിയോ രോഗമോ ഉള്ളവരുമായ വിദേശികൾ എന്നിങ്ങനെയാണ് അവരുടെ പട്ടികയിലുള്ള പുറത്താക്കപ്പെടേണ്ടവർ. രാജ്യത്തെ പ്രവാസികൾക്കെതിരെ നിരന്തരം പ്രചാരണം നടത്തുന്ന പാർലിമെന്റംഗമാണ് സഫ അൽ ഹാശിം.

Share this story