പതിനേഴാം നിലയിൽ നിന്ന് സെൽഫിയെടുത്ത പതിനാറുകാരിക്ക് ദുബായിൽ ദാരുണാന്ത്യം

പതിനേഴാം നിലയിൽ നിന്ന് സെൽഫിയെടുത്ത പതിനാറുകാരിക്ക് ദുബായിൽ ദാരുണാന്ത്യം

ദുബായ്: ദുബായിലെ ഷെയ്ഖ് സയീദ് റോഡിലെ അപാർട്ട്‌മെന്റിന്റെ പതിനേഴാം നിലയുടെ മുകളിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ് പതിനാറുകാരിക്ക് ദാരുണാന്ത്യം. അപാർട്ട്‌മെന്റിലെ ബാൽക്കണിയിൽ കസേരയിൽ നിന്ന് സെൾഫി എടുക്കവേയാണ് കുട്ടി താഴേക്ക് വീണതെന്ന് ദുബായ് പൊലീസിലെ സെക്യൂരിറ്റി ഇൻഫോർമേഷൻ ഡിപാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഫൈസൽ അൽ ഖാസിം പറഞ്ഞു. ഏഷ്യക്കാരിയായ പെൺകുട്ടിയാണ് മരിച്ചതെന്ന് ദുബായ് പൊലീസ് അധികൃതർ അറിയിച്ചു. ആകാശദൃശ്യം ഉൾപ്പടുത്തി സെൽഫി എടുക്കവേ ആയിരുന്നു അപകടം.

നിയന്ത്രണം വിട്ടതോടെ കയ്യിൽ നിന്നും ഫോൺ ബാൽക്കണിയിലും പെൺകുട്ടി താഴേക്കും പതിക്കുകയുമായിരുന്നുവെന്ന് സഹോദരി പറഞ്ഞു. ഉടൻ തന്നെ കുട്ടി മരണത്തിന് കീഴടങ്ങി. അതേസമയം, ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.

കുഞ്ഞുങ്ങളേയും യുവാക്കളേയും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ഇത്തരം അപകടകരമായ കാര്യങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് എല്ലായ്‌പ്പോഴും ആളുകൾക്ക് മുന്നറിയിപ്പ് നൽകാറുണ്ടെന്നും എന്നാൽ, ഇപ്പോൾ ഒരു സെൽഫി പെൺകുട്ടിയുടെ മരണത്തിന് കാരണമായെന്നും ഫൈസൽ അൽ ഖാസിം പറഞ്ഞു.

Share this story