ചെറുത്തുനിൽപ്പുകൾ ഉണ്ടാകുന്നില്ലെങ്കിൽ നാം കീഴടങ്ങിയ ഒരു ജനതയായി മാറും: വി. കെ. ശ്രീരാമൻ

ചെറുത്തുനിൽപ്പുകൾ ഉണ്ടാകുന്നില്ലെങ്കിൽ നാം കീഴടങ്ങിയ ഒരു ജനതയായി മാറും: വി. കെ. ശ്രീരാമൻ

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌


ദുബൈ: ചെറുത്തുനിൽപ്പുകൾ ഉണ്ടാകുന്നില്ലെങ്കിൽ നാം കീഴടങ്ങിയ ഒരു ജനതയായി മാറുമെന്ന് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമൻ. ലുലു ഡിസി ബുക്‌സ് റീഡേഴ്‌സ് വേൾഡ് പുസ്തകമേളയുടെ ഭാഗമായി, ദുബായ് ഖിസൈസിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന മുഖാമുഖം പരിപാടിയിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ മാറിമാറിവരുന്ന മൂല്യബോധങ്ങളുടെ നിഴലുകൾ അതാതു കാലത്തെ സിനിമകളിലും പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സിനിമകളും സാമൂഹ്യപ്രതിബദ്ധതയുള്ള താകണമെന്ന് നിർബന്ധം പിടിക്കുന്നതിൽ അർത്ഥമില്ലെന്നും, എന്നാൽ സമൂഹത്തോട് പ്രതിബദ്ധതയുള്ള ചിത്രങ്ങളാണ് പ്രധാനമായും കാലത്തെ അതിജീവിച്ച് കാണുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുബായ് ഖിസൈസിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ഡിസംബർ അഞ്ചിന് ആരംഭിച്ച ‘ലുലുഡിസി ബുക്‌സ് റീഡേഴ്‌സ് വേൾഡ്’ പുസ്തകമേളയിൽ

അറബിക്, മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി കഥ, കവിത, നോവൽ, ആത്മകഥ, ജീവചരിത്രം, ചരിത്രം, ബാലസാഹിത്യം, കുക്കറി, ഫാഷൻ തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് പുസ്തകങ്ങളാണ് എത്തിയിരിക്കുന്നത്. യുഎഇയുടെ ചരിത്രം സംബന്ധിച്ചുള്ള നിരവധി പുസ്തകങ്ങൾ മേളയിലുണ്ട്. എല്ലാ പുസ്തകങ്ങൾക്കും പുതുവർഷത്തിന് മുന്നോടിയായുള്ള പ്രത്യേകവിലക്കിഴിവുണ്ട്.

ചെറുത്തുനിൽപ്പുകൾ ഉണ്ടാകുന്നില്ലെങ്കിൽ നാം കീഴടങ്ങിയ ഒരു ജനതയായി മാറും: വി. കെ. ശ്രീരാമൻ

അബുദാബി മദീനത് സെയ്ദിലുള്ള ലുലു ഹൈപ്പർ മാർക്കറ്റിലെ ലുലുഡിസി ബുക്ക്‌സ് റീഡേഴ്‌സ് വേൾഡിനോട് അനുബന്ധിച്ച് വ്യാഴാഴ്ച നടന്ന മുഖാമുഖം പരിപാടിയിലും വി.കെ.ശ്രീരാമൻ പങ്കെടുത്തിരുന്നു. കുട്ടികളെ കൂട്ടിലടച്ച് വളർത്തരുതെന്നും സാമൂഹികബോധം ഉണ്ടാകണമെങ്കിൽ സമൂഹത്തിനിടയിലേക്കിറങ്ങി ജീവിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകവുമായി ബന്ധമില്ലാതെ കുട്ടികൾ വളരാൻ ഇടവരുത്തരുതെന്നും പുറംലോകവുമായി സംവദിക്കാൻ അവർക്ക് അവസരമൊരുക്കണമെന്നും വി.കെ.ശ്രീരാമൻ പറഞ്ഞു.

ലുലു ഗ്രൂപ്പ് റീജ്യണൽ ഡയറക്ടർ ടി.പി.അബൂബക്കർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഐഷ സക്കീർ ഹുസൈൻ സംസാരിച്ചു.

അബുദാബി മദീനത് സെയ്ദിലുള്ള ലുലു ഹൈപ്പർ മാർക്കറ്റിലെ ലുലുഡിസി ബുക്ക്‌സ് റീഡേഴ്‌സ് വേൾഡ് പുസ്തകമേള ഡിസംബർ പതിനഞ്ചിനും, ദുബായ് ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിലെ പുസ്തകമേള ഡിസംബർ മുപ്പത്തിയൊന്നിനും സമാപിക്കും.

എല്ലാ ദിവസവും രാവിലെ എട്ട് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് ലുലുഡിസി ബുക്‌സ് റീഡേഴ്‌സ് വേൾഡ് പുസ്തകമേളകളുടെ പ്രവർത്തനസമയം.

Share this story