സുകുമാരൻ വെങ്ങാട്ടിന്റെ ‘ജീവിതം കീറിയ പേജുകൾ’ എന്ന നോവൽ ശ്രദ്ധേയമാകുന്നു

സുകുമാരൻ വെങ്ങാട്ടിന്റെ ‘ജീവിതം കീറിയ പേജുകൾ’ എന്ന നോവൽ ശ്രദ്ധേയമാകുന്നു

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


പേമാരി പോലെ പെയ്തിറങ്ങുന്നവാർത്തകൾ. വാർത്തകളുടെയൊരു മലവെള്ളപ്പാച്ചിൽ. സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാനാകാതെ വായനക്കാരും. അനുനിമിഷം വരുന്ന വാർത്തകൾ ഒരു മണിക്കൂർ മുമ്പത്തെ വാർത്തയെ പഴംങ്കഥയാക്കുന്നു. നെഗറ്റീവ് വാർത്തകൾ മാത്രം ഇഷ്ടപ്പെടുന്നതായി മാറുന്ന നിലവിലെ സാമൂഹ്യ സാഹചര്യമാണ് ഇതിനുകാരണമെന്നതും നാം മറന്ന കൂടാ.

ഇത്തരമൊരു കാലഘട്ടത്തിലാണ് അന്വേഷണാത്മകമായ പത്രപ്രവർത്തനം വിഷയമാവുന്ന ‘ജീവിതം കീറിയ പേജുകൾ’ എന്ന സുകുമാരൻ വെങ്ങാട്ടിന്റെ നോവൽ വായിക്കേണ്ടത്.

സുകുമാരൻ വെങ്ങാട്ടിന്റെ ‘ജീവിതം കീറിയ പേജുകൾ’ എന്ന നോവൽ ശ്രദ്ധേയമാകുന്നു

സുകുമാരൻ വെങ്ങാട്ട്

ഇറാഖിലെ സിൻജാൻ പ്രവശ്യയിലുള്ള കോച്ചോ എന്ന ചെറുഗ്രാമത്തിൽ ഓഗസ്റ്റിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ യസീദികളായിരുന്ന പുരുഷന്മാരടക്കമുള്ളവരെ കൊല്ലുകയും സ്ത്രീകളേയും കുട്ടികളേയും തടവുകാരായി മൊസൂളിലേക്ക് കൊണ്ടു പോവുകയും ചെയ്തവരുടെ കൂട്ടത്തിൽ പതിനാറുകാരിയായ നാദിയയും ഉണ്ടായിരുന്നു.

മനുഷ്യത്വരഹിതമായ കൊടിയ പീഢനങ്ങളുടെ അനുഭവ കഥ നാദിയ പിന്നീട് യുഎൻ വേദിയിലടക്കം ലോകത്തോട് വിളിച്ചുപറഞ്ഞു. ഈ സംഭവങ്ങളാണ് ‘ദി ലാസ്റ്റ് ഗേൾ’ എന്ന ആത്മകഥാ പുസ്തകത്തിന് വഴിത്തിരിവായത്. 2018 ൽ സമാധാനത്തിനുള്ള നോബൽ പുരസ്‌ക്കാരം നൽകി ആദരിച്ച നാദിയ മുറാദിനാണ് എഴുത്തുകാരൻ ജീവിതം കീറിയ പേജുകൾ എന്ന ഈ നോവൽ സമർപ്പിച്ചിരിക്കുന്നത്.

പച്ചയായ ജീവിത സാഹചര്യങ്ങളിൽ കശക്കി എറിയപ്പെട്ട ജീവിതത്തിന്റെ അകക്കാഴ്ചകളാണ് ഈ നോവലിന്റെ ഭൂമിക. ചുറ്റുവട്ടവും അതിനകത്തുള്ള അനുകൂല-പ്രതികൂല സാഹചര്യങ്ങളുമാണ് ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. സമൂഹത്തിൽ ഒരാളും ഒറ്റയാളല്ല. ഓരോരുത്തരുടെയും നല്ലതും ചീത്തയുമായ ചെയ്തികൾ വ്യത്യസ്തങ്ങളായ പ്രതിചലനങ്ങളാണ് സമൂഹത്തിൽ ഉളവാക്കുന്നത്. അവനവൻ വരച്ചു വെയ്ക്കുന്ന ചിത്രത്തിലൂടെയും പാതയിലൂടെയുമൊന്നുമല്ല ഒരാളും സഞ്ചരിക്കുന്നത്.

സുകുമാരൻ വെങ്ങാട്ടിന്റെ ‘ജീവിതം കീറിയ പേജുകൾ’ എന്ന നോവൽ ശ്രദ്ധേയമാകുന്നു

നോവലിലെ കഥാപാത്രങ്ങളായ സുനിതയും ഫിറോസും സുരഭി എന്ന പത്രക്കാരിയുമെല്ലാം ഒരു പക്ഷെ, വായനക്കാർ വഴിവക്കിൽ കണ്ടു മറന്ന മുഖങ്ങൾ തന്നെയാകും. ജീവിതത്തെ അത്രമേൽ ഗൗരവത്തോടെയല്ലാതെ സമീപിക്കുകയും അതിന്റെ ദുരിതവും നോവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരുമാണ് ഭൂരിഭാഗം മനുഷ്യരും. ഇത്തരം കഥാപാത്രങ്ങളുടെ കൂടെയുള്ള സഹവാസമാണ് ജീവിതം കീറിയ പേജുകൾ മുന്നോട്ട് വെയ്ക്കുന്ന ജീവിതപാഠം.

ഒരു വിമൻസ് മാഗസിനിൽ ജേർണലിസ്റ്റായ സുരഭി, സുനിത ഫിറോസ് എന്ന ആക്ടിവിസ്റ്റിനെ തേടി നടത്തുന്ന അന്വേഷണാത്മകമായ പത്രപ്രവർത്തന യാത്രയാണ് നോവലിന്റെ കഥാതന്തു. വളരെ സമകാലിക പ്രസക്തമായ ഈ വിഷയം ഒരു അപസർപ്പക നോവലിന്റെ ഉദ്വേഗത്തോടെ ആദ്യമദ്ധ്യാന്തം പറയാൻ സുകുമാരൻ വെങ്ങാട്ടിന് കഴിഞ്ഞിട്ടുണ്ട്. നവീനമായ ഒരാഖ്യാനശൈലിയുടെ ഭാവുകത്വമുൾക്കൊള്ളുന്ന രചനാ സങ്കേതമാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്.

കാസർഗോഡ് ചെറുവത്തൂർ കാടങ്കോട് സ്വദേശിയായ സുകുമാരൻ വെങ്ങാട്ട് ഏറെ വർഷങ്ങൾ പ്രവാസിയായി ജോലി ചെയ്തിട്ടുണ്ട്. മോഹസൗധം പണിയുന്നവർ, അശ്വതി ഡോട്ട് കോം, വരണ്ടുണങ്ങിയ നീർമുത്തുകൾ, സ്‌നേഹമീയാത്ര തുടങ്ങിയ കൃതികളുടെ കർത്താവു കൂടിയാണ്. പാം സാഹിത്യ സഹകരണ സംഘമാണ് ‘ജീവിതം കീറിയ പേജുകൾ’ പബ്ലിഷ് ചെയ്തിരിക്കുന്നത്.

Share this story