പാലങ്ങളൊരുങ്ങുന്നു; ദുബായിയുടെ തിലകക്കുറിയാകാൻ ദെയ്‌റയിൽ പാലങ്ങളൊരുങ്ങുന്നു
ദുബായ്: ദുബൈ വാട്ടർ കനാലിനു കുറുകെ നഗരത്തെ ദ്വീപുമായി ബന്ധിപ്പിക്കുന്ന പാലങ്ങളുടെ നിർമാണം പൂർണമാകുന്നതോടെ സുവർണ നഗരമായ ദുബായുടെ മറ്റൊരു തിലകക്കുറിയായി മാറും ദെയ്‌റ. ഐലൻഡിലേക്കുള്ള പാലത്തിന്റെ നിർമാണം 75 ശതമാനം പൂർത്തിയായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇരു ദിശകളിലേക്കും ആറുവരി വീതമുള്ള 3 പാലങ്ങളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. ഷിൻദഗ ഇടനാഴി പദ്ധതിയുമായി ബന്ധിപ്പിക്കുന്ന റോഡുകളും ഇതോടനുബന്ധിച്ച് പൂർത്തിയാക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശം നൽകിയിട്ടുണ്ടെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ജൂണിൽ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിപ്രദേശം സന്ദർശിച്ച മത്തർ അൽ തായർ പറഞ്ഞു.
നഖീലിന്റെ സഹകരണത്തോടെയാണ് നിർമാണം. പാലം യാഥാർഥ്യമാകുന്നതോടെ അൽഖലീജ്, അബൂബക്കർ അൽ സിദ്ധിഖ് സ്ട്രീറ്റുകളിൽനിന്ന് ദെയ്‌റ ഐലൻഡിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാകും. 1.6 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പാലത്തോടൊപ്പം 140 മീറ്റർ സ്ലിപ് റോഡും നിർമിക്കുന്നുണ്ട്. അബുഹൈൽ ഇൻറർസെക്ഷനിൽനിന്ന് അൽബറാഹ ആശുപത്രിക്കിടയിലുള്ള 2 സിഗ്‌നലുകൾക്കും അബുഹൈൽ, അബൂബക്കർ അൽ സിദ്ധിഖ് സ്ട്രീറ്റിലെ റൗണ്ട് എബൗട്ടുകൾക്കും പകരം ഇന്റർസെക്ഷനുകൾ നിർമിക്കും. ഷിൻദഗ ഇടനാഴിയിലേക്കുള്ള ഗതാഗതവും സുഗമമാക്കുന്നതുകൂടി ലക്ഷ്യമിട്ടാണ് പരിഷ്‌കാരം.
4 മനുഷ്യനിർമിത ദ്വീപുകളുടെ ചേരുന്ന ദെയ്‌റ ഐലൻഡ് ഈ ഭാഗത്തെ ഏറ്റവും വലിയ വികസന പദ്ധതിയാണ്. അറേബ്യൻ കടലിലെ 1.7 കോടി ചതുരശ്ര മീറ്റർ സ്ഥലമാണ് മനുഷ്യനിർമിത ദ്വീപിനായി സജ്ജമാക്കിയെടുത്തത്. നൂറുകണക്കിന് ഹോട്ടലുകൾ, ഫ്‌ളാറ്റുകൾ, ലോകോത്തര ഷോപ്പിങ് കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, ബീച്ചുകൾ തുടങ്ങിയവയും സജ്ജമാക്കും. 2.5 ലക്ഷം പേർക്കു താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും. സ്വദേശികളും വിദേശികളും ഉൾപെടെ 80,000 പേർക്ക് തൊഴിലും ലഭ്യമാകുമെന്നതാണ് മറ്റൊരു നേട്ടം.
Tag: Dubai, Hotal, Resort, travels
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
