എമിറേറ്റ്‌സ് വിമാനം അഗ്‌നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി

എമിറേറ്റ്‌സ് വിമാനം അഗ്‌നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എമിറേറ്റ്‌സ് വിമാനം അഗ്‌നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി. പൈലറ്റുമാരുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശീലനങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തും.

2016 ഓഗസ്റ്റ് 3ന് പ്രാദേശികസമയം 12.45 നായിരുന്നു അപകടം. ലാൻഡിങ്ങിനിടെ ഇടിച്ചിറങ്ങിയ തിരുവനന്തപുരത്തു നിന്നുള്ള ഇകെ 521 വിമാനത്തിൽ നിന്നു യാത്രക്കാരെ രക്ഷപ്പെടുത്തി നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയായിരുന്നു. 282 യാത്രക്കാരും 18 ജീവനക്കാരുമാണു വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാദൗത്യത്തിനിടെ അഗ്‌നിശമനസേനാംഗം ജാസിം ഈസ അൽ ബലൂഷി മരിച്ചിരുന്നു.

കാറ്റിന്റെ ഗതിമാറ്റത്തെക്കുറിച്ചും വേഗത്തെക്കുറിച്ചും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അന്നു രാവിലെ മുന്നറിയിപ്പു നൽകിയിരുന്നു. ശക്തമായ കാറ്റിനെ തുടർന്നു രണ്ടു തവണ ലാൻഡിങ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞർ, വിമാന നിർമാണരംഗത്തെ വിദഗ്ധർ, വൈമാനികർ എന്നിവരും അന്വേഷണവുമായി സഹകരിച്ചിരുന്നു.

Share this story