വി.എം.സതീഷിന്റെ രണ്ടാം ചരമവാർഷികദിനത്തിൽ ഇന്ത്യൻ ന്യൂസ് റിപ്പോർട്ടേഴ്സ് കൺസോർഷ്യം അനുസ്മരണം നടത്തി

വി.എം.സതീഷിന്റെ രണ്ടാം ചരമവാർഷികദിനത്തിൽ ഇന്ത്യൻ ന്യൂസ് റിപ്പോർട്ടേഴ്സ് കൺസോർഷ്യം അനുസ്മരണം നടത്തി

യു.എ.ഇ.യിലെ മാദ്ധ്യമപ്രവർത്തനരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ കടന്നുപോയ വി.എം.സതീഷിന്റെ രണ്ടാം ചരമവാർഷികദിനത്തിൽ, യു.എ.ഇ.യിലെ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ ന്യൂസ് റിപ്പോർട്ടേഴ്സ് കൺസോർഷ്യം ഭാരവാഹികൾ അനുസ്മരണം നടത്തി.

‘ഡിജിറ്റൽ മലയാളി’യുടെ സ്ഥാപക എഡിറ്ററായ വി.എം.സതീഷ് ഓർമ്മയായിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു. മാദ്ധ്യമലോകത്ത് എന്നും വേറിട്ട ശബ്ദമായിരുന്നു വി.എം.സതീഷിന്റേത്. അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തനത്തിലൂടെ നീതിക്കുവേണ്ടി മാത്രം തൂലിക ചലിപ്പിച്ചു.  ഒരു പ്രശസ്തിയും മോഹിക്കാതെ  മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന റിപ്പോർട്ടുകൾ നൽകാൻ അദ്ദേഹം എന്നും ശ്രദ്ധ ചെലുത്തി.
രണ്ട് പതിറ്റാണ്ടിലേറെ യുഎഇ മാദ്ധ്യമ-സാമൂഹികരംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു വി.എം. സതീഷ്. ഗള്‍ഫിലെ തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട് സതീഷ് എഴുതിയ ഒട്ടനവധി വാര്‍ത്തകളും ലേഖനങ്ങളും ശ്രദ്ധിക്കപ്പെട്ടു.  കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായ വി.എം. സതീഷ് മുംബൈ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ബിസിനസ്സ് ജേർണലിസ്റ്റായാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട്  എമിറേറ്റ്‌സ് ടുഡേ, സെവന്‍ ഡേയ്‌സ്, എമിറേറ്റ്‌സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്ന്  അജ്മനിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും 2018 ഫെബ്രുവരി ഏഴിന് അന്ത്യം സംഭവിച്ചു.
യു.എ.ഇ.യിലെ ഇന്ത്യൻ ജേർണലിസ്റ്റുകളുടെ മീഡിയ ഫോറത്തിന്റെ ട്രഷററും ഓഡിറ്ററുമായ്  പ്രവർത്തിച്ച വി.എം.സതീഷ് പിന്നീട് ഡിജിറ്റൽ മലയാളി, എക്സ്പാറ്റ്‌സ് ന്യൂസ് എന്നീ ഓൺലൈൻ ഡിജിറ്റൽ പത്രങ്ങൾക്ക് തുടക്കമിട്ടു.

വി.എം.സതീഷിന്റെ പ്രവർത്തനപാരമ്പര്യം മാദ്ധ്യമപ്രവർത്തകർക്ക് എന്നും ആവേശം പകരുന്നതാണെന്ന്, ഇന്ത്യൻ ന്യൂസ് റിപ്പോർട്ടേഴ്സ് കൺസോർഷ്യം കൂട്ടായ്മയിലെ അബ്ദു ശിവപുരവും മുഹമ്മദ് നവാസും ബഷീർ മാറാഞ്ചേരിയും പ്രശാന്ത് ബാലചന്ദ്രനും അഭിപ്രായപ്പെട്ടു.

Share this story