ദുബായ് എക്‌സ്‌പോ ഉൽപന്നങ്ങളുമായി ആദ്യ സ്റ്റോർ ഗ്ലോബൽ വില്ലേജിൽ തുറന്നു

ദുബായ് എക്‌സ്‌പോ ഉൽപന്നങ്ങളുമായി ആദ്യ സ്റ്റോർ ഗ്ലോബൽ വില്ലേജിൽ തുറന്നു

ദുബായ്: ഒരുക്കങ്ങളുടെ ഘട്ടം പിന്നിട്ട് എക്‌സ്‌പോയുടെ ഉത്സവ ലഹരിയിലേക്കു ചുവടുവയ്ക്കുകയാണ് രാജ്യം. എക്‌സ്‌പോ 2020 ദുബായിയുടെ ആദ്യത്തെ റീട്ടെയ്ൽ സ്റ്റോർ ഗ്ലോബൽ വില്ലേജിൽ തുറന്നു. എക്‌സ്‌പോ ബ്രാൻഡ് ഉൽപന്നങ്ങൾ ലഭ്യമാകുന്ന സ്റ്റോറിൽ പുതുമകളും കൗതുകങ്ങളും കാത്തിരിക്കുന്നു. വൈവിധ്യമാർന്ന കലാപരിപാടികളും ഇവിടെയുണ്ടാകും.

ഒട്ടകപ്പാൽ ചേർന്ന ഔഷധ സോപ്പ്, പ്ലാസ്റ്റിക് പുന:സംസ്‌കരിച്ചു നെയ്ത വസ്ത്രങ്ങൾ, റിസ്റ്റ് ബാൻഡുകൾ എന്നിവയുൾപ്പെടെ 5,000ൽ ഏറെ ഉൽപന്നങ്ങളാണുള്ളത്. രാജ്യാന്തര ബ്രാൻഡുകളും സ്വദേശി ഉൽപന്നങ്ങളുമുണ്ട്. എക്‌സ്‌പോയ്ക്കു യോജിച്ചവിധം രാജ്യാന്തര ബ്രാൻഡുകൾ ഡിസൈനിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക ലൈസൻസ് നേടിയിരുന്നു. ആരോഗ്യ, സൗന്ദര്യ വർധക ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ഗെയിമുകൾ, ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവ എക്‌സ്‌പോ ബ്രാൻഡുകളിൽ ലഭ്യമാണ്.

പ്രാദേശിക കരകൗശല വിദഗ്ധർ മുതൽ രാജ്യാന്തര ഡിസൈനർമാർ വരെ നിർമിച്ചതും രൂപകൽപന ചെയ്തതുമായ ഉൽപന്നങ്ങളാണ് സ്റ്റോറിലുള്ളതെന്നു എക്‌സ്‌പോ 2020 ദുബായ് ചീഫ് കമേഴ്‌സ്യൽ ഓഫിസർ സഞ്ജീവ് ഖോസ്?ല പറഞ്ഞു. എക്‌സ്‌പോ മുദ്രകളുള്ള കളിപ്പാട്ടങ്ങൾ, എക്‌സ്‌പോ പ്രമേയങ്ങളിലുള്ള സ്വർണ, വെള്ളി നാണയങ്ങൾ തുടങ്ങിയവ വാങ്ങാം. ഓരോ രാജ്യത്തിന്റെയും തനത് ഉൽപന്നങ്ങൾ ലഭ്യമാണെന്നും ചൂണ്ടിക്കാട്ടി. ഒക്ടോബർ 20 മുതൽ അടുത്തവർഷം ഏപ്രിൽ 10വരെ 173 ദിവസമാണ് എക്‌സ്‌പോ.

Share this story