കോവിഡിനെ പ്രതിരോധിക്കാൻ പൊലീസ് നീക്കം ശക്തമാക്കി

കോവിഡിനെ പ്രതിരോധിക്കാൻ പൊലീസ് നീക്കം ശക്തമാക്കി

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ഷാർജ: പൊലീസിന്റെ എല്ലാ സേവന കേന്ദ്രങ്ങളിലും കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അംഗീകരിച്ച പൊതുജനാരോഗ്യത്തിനുള്ള മുൻകരുതൽ നടപടികൾ ഷാർജ പൊലീസ് ജനറൽ കമാൻഡ് നടപ്പാക്കിയതായി

മേജർ ഇബ്രാഹിം അൽ മിദ്ഫ ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന വിരലടയാളം പതിക്കൽ ഇല്ലാതാക്കിയതിനു പുറമെ, ഉപഭോക്തൃ സേവനത്തിനെത്തുന്നവർക്ക് കയ്യുറകൾ വിതരണം ചെയ്യുക, സേവന കേന്ദ്രങ്ങളിലെ എല്ലാ പോയിന്റുകളിലേക്കും അണു നശീകരണ ലായനികൾ ലഭ്യമാക്കൽ, ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുപ്പിക്കുന്നവരുടെ എണ്ണം അഞ്ചിൽ രണ്ടായി ചുരുക്കുക, പരീക്ഷക്ക് ശേഷം വാഹനങ്ങൾ അണു മുക്തമാക്കുക തുടങ്ങിയ നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

സേവന കേന്ദ്രങ്ങളിലെ തൊഴിലാളികൾക്ക് കൊറോണ വൈറസ് പടരാതിരിക്കാൻ ശിൽപശാലകളും ബോധവൽക്കരണ പ്രഭാഷണങ്ങളും നൽകിയിട്ടുണ്ടെന്ന് അൽ മിദ്ഫ പറഞ്ഞു.

ഷാർജ പൊലീസ് ജനറൽ കമാൻഡ് നൽകുന്ന എല്ലാ സേവനങ്ങളും മോയി ആപ്ലിക്കേഷനിലും ഷാർജ പോലീസ് ഇലക്ട്രോണിക് ആപ്ലിക്കേഷനിലും ലഭ്യമാണ്, അതിനാൽ എല്ലാ ഉപഭോക്താക്കളും പൊതുജനങ്ങളും ഈ ആപ്ലിക്കേഷനുകളിൽ ലഭ്യമായ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്ന് മിദ്ഫ നിർദ്ദേശിച്ചു.

Share this story