ഒമാനിൽ കോവിഡ് 19 ബാധിതർ 131; സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നു, പ്രവാസികൾക്ക് വീസ പുതുക്കാൻ പോർട്ടലിൽ സൗകര്യമൊരുക്കി റോയൽ ഒമാൻ പൊലീസ്

ഒമാനിൽ കോവിഡ് 19 ബാധിതർ 131; സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നു, പ്രവാസികൾക്ക് വീസ പുതുക്കാൻ പോർട്ടലിൽ സൗകര്യമൊരുക്കി റോയൽ ഒമാൻ പൊലീസ്

ഒമാനിൽ 22 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 131 ആയി ഉയർന്നു. 22 പേരും സ്വദേശികളാണ്. കൊറോണ ബാധിതരുമായി ബന്ധപ്പെട്ട 10 പേരും യാത്ര കഴിഞ്ഞെത്തിയ എട്ട് പേരും രോഗ ബാധിതരിൽ ഉൾപ്പെടുന്നു.

രണ്ട് മലയാളികൾക്കാണ് ഒമാനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സലാലയിലാണ് രണ്ടാമത്തെ മലയാളിക്കും കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച കണ്ണൂർ, തലശ്ശേരി കതിരൂർ സ്വദേശിയുടെ മകനാണ് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് പേരും ചികിത്സയിൽ തുടരുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഇതിനിടെ രാജ്യത്ത് സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നതായും കൂടുതൽ വൈറസ് ബാധ വരും ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കുമെന്നും ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്‌നി അറിയിച്ചു.

സർക്കാറിന്റെ ഭാഗത്തു നിന്നും കൂടുതൽ നിയന്ത്രണങ്ങളുണ്ടാകും. സ്വദേശികളും വിദേശികളും നിർദേശങ്ങൾ പാലിക്കുകയും കൈകൾ കഴുകി വൃത്തിയാക്കുകയും പുറത്തിറങ്ങുമ്പോൾ മാസ്‌ക് ഉപയോഗിക്കുകയും ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ഒമാനിലേക്ക് തിരിച്ചുവരാൻ സാധിക്കാതെ നാട്ടിൽ കുടങ്ങിയ പ്രവാസികൾക്ക് വീസ പുതുക്കാൻ പോർട്ടലിൽ സൗകര്യമൊരുക്കിയിരിക്കുകയാണ് റോയൽ ഒമാൻ പൊലീസ്. രാജ്യത്ത് തിരിച്ചെത്തിയ ശേഷം വീസാ നടപടികൾ പൂർത്തിയാക്കുകയാണ് വേണ്ടത്. രാജ്യത്തുള്ളവർക്കും വിദേശത്തുള്ളവർക്കും സൗകര്യം ഉപയോഗപ്പെടുത്താനാകും. നേരത്തെ രാജ്യത്ത് എത്തിയ വിനോദ സഞ്ചാരികൾക്കും വീസ പുതുക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

എയർ ഇന്ത്യ എക്‌സ്പ്രസ് ഒമാനിൽ നിന്നുള്ള മുഴുവൻ സർവീസുകളും റദ്ദാക്കി. അടുത്ത മാസം 29 വരെയുള്ള സർവീസുകളാണ് നിർത്തിവെച്ചത്. മസ്‌കത്ത് – കോഴിക്കോട്, മസ്‌കത്ത് തിരുവനന്തപുരം, മസ്‌കത്ത് – കൊച്ചി, മസ്‌കത്ത് – മംഗളൂരു, മസ്‌കത്ത് – കണ്ണൂർ, സലാല – കോഴിക്കോട്, സലാല – തിരുവനന്തപുരം, കൊച്ചി – സലാല സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും. ഈ മാസം 29 മുതൽ ഒമാനിലേക്കുള്ള മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും വിലക്കിയിട്ടുണ്ട്.

Share this story