യു എ ഇയില്‍ മൊബൈല്‍ കോവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചു

യു എ ഇയില്‍ മൊബൈല്‍ കോവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചു
അബൂദബി: രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ മൊബൈല്‍ സെന്റര്‍ അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേനാ സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു. അബൂദബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി സ്വിഹയാണ് കേന്ദ്രം ആരംഭിച്ചത്. ശൈഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

വാഹനത്തിലിരുന്ന് തന്നെ പരിശോധിക്കുന്ന സംവിധാനമാണിത്. ആദ്യം രജിസ്‌ട്രേഷന്‍ പോയിന്റില്‍ ഐ ഡി കാര്‍ഡ് സ്‌കാന്‍ ചെയ്യുകയും മറ്റൊരു പോയിന്റില്‍ സ്രവം ശേഖരിക്കുകയും ചെയ്യും. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തനം. മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. തിഖ കാര്‍ഡുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ സേവനം ലഭിക്കും. അപ്പോയ്‌മെന്റിന് 8001717ല്‍ ബന്ധപ്പെടാം.

അതേസമയം, വ്യായാമം എന്ന് പറഞ്ഞ് ചിലര്‍ പുറത്തിറങ്ങാന്‍ പഴുത് തേടുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഊഹാപോഹം പ്രചരിപ്പിക്കരുതെന്നും അറിയിച്ചു. അംഗീകൃത സ്രോതസ്സുകളില്‍ നിന്നല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അങ്ങനെ പ്രചരിപ്പിച്ചാല്‍ കനത്ത പിഴയടക്കമുള്ള ശിക്ഷകള്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Share this story