ഖത്തറില്‍ തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധനയും ചികിത്സയും സൗജന്യം; ഐ ഡി കാലാവധി കഴിഞ്ഞവരും ചികിത്സക്കെത്തണം

ഖത്തറില്‍ തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധനയും ചികിത്സയും സൗജന്യം; ഐ ഡി കാലാവധി കഴിഞ്ഞവരും ചികിത്സക്കെത്തണം

ദോഹ: കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഖത്തര്‍ ഐ ഡിയോ ഇല്ലെങ്കിലും പരിശോധനക്കും ചികിത്സക്കും എത്തണമെന്നും ഇവ പൂര്‍ണ്ണമായും സൗജന്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ള തൊഴിലാളികള്‍ മറ്റുള്ളവരില്‍ നിന്ന് മാറിനില്‍ക്കണമെന്നും 16000 എന്ന നമ്പറില്‍ വിളിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

നിരീക്ഷണത്തിലോ ക്വാറന്റൈനിലോ കഴിയുന്ന തൊഴിലാളികള്‍ക്ക് അടിസ്ഥാന ശമ്പളവും അലവന്‍സും ലഭിക്കും. സിക്ക് ലീവ് ഇല്ലെങ്കിലും ഇവ ലഭിക്കും. വീട്ടോജോലിക്കാര്‍ക്കും ഇത് ബാധകമാണ്. തൊഴിലാളികള്‍ക്ക് 16008 എന്ന നമ്പറിലോ https://www.moph.gov.qa/ എന്ന മെയിലിലോ തൊഴില്‍ മന്ത്രാലയത്തെ ബന്ധപ്പെടാവുന്നതാണ്.

അതേസമയം, ഇന്ന് കൊറോണ വൈറസ് ബാധിച്ച് ഖത്തറിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പുതുതായി 28 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തറിൽ ആകെ രോഗബാധിതരുടെ എണ്ണം 590 ആയി ഉയർന്നു. 57കാരിയായ ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. മാർച്ച് 16നാണ് ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം

രണ്ട് പേർ രോഗവിമുക്തി നേടിയതായും ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദിയിലും ശനിയാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതടക്കം ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 11 ആയി.

Share this story