യു എ ഇയിലെ കൊവിഡ് രോഗികളില്‍ അധികവും യുവാക്കള്‍

യു എ ഇയിലെ കൊവിഡ് രോഗികളില്‍ അധികവും യുവാക്കള്‍

അബൂദബി: രാജ്യത്ത് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ അധികവും 20നും 40നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണെന്ന് വി പി എസ് ഹെല്‍ത്ത്‌കെയര്‍ പാത്തോളജി, ലബോറട്ടറി സര്‍വീസസ് മേധാവി ഡോ.മാര്‍ട്ടിന്‍ ക്ലെയര്‍ മക്മാനസ്. ചൈനയിലും ദക്ഷിണ കൊറിയയിലും നടത്തിയ പഠനങ്ങളില്‍ വ്യക്തമായത് പ്രായമുള്ളവര്‍ക്കാണ് കോവിഡ് ഭീഷണി ഉയര്‍ത്തുക എന്നതായിരുന്നു.

എന്നാല്‍, യു എ ഇയില്‍ യുവസമൂഹത്തില്‍ കൂടുതലായി സ്ഥിരീകരിക്കുന്നത് ഗവേഷകരെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. ഇവര്‍ക്ക് ഹൃദ്രോഗമോ ശ്വാസകോശ രോഗമോ ഇല്ല. ശക്തമായ രോഗപ്രതിരോധ ശേഷിയുള്ളതിനാല്‍ യുവാക്കള്‍ വേഗം സുഖം പ്രാപിക്കുമെന്നും ഡോ.മക്മനാസ് പറഞ്ഞു.

അതേ സമയം, യു എ ഇയില്‍ ഞായറാഴ്ച 102 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 570 ആയി. മൂന്ന് പേര്‍ കൂടി രോഗമുക്തി നേടി. മൊത്തം രോഗം ഭേദമായവരുടെ എണ്ണം 58 ആയി.

രാജ്യത്ത് ഒരു കൊവിഡ് രോഗി കൂടി മരിച്ചിട്ടുണ്ട്. മൊത്തം മരണം മൂന്നാണ്. പുതുതായി രോഗം ബാധിച്ചവരില്‍ 30 പേര്‍ ഇന്ത്യക്കാരാണ്. ഏഴ് പേരാണ് യു എ ഇക്കാരുള്ളത്. എല്ലാവരുടെയും നില തൃപ്തികരമാണ്.

Share this story