ജിദ്ദയില്‍ കര്‍ഫ്യൂ ഉച്ചക്ക് മൂന്ന് മുതലാക്കി, ചരക്ക് ലോറികള്‍ക്ക് ഇളവ്

ജിദ്ദയില്‍ കര്‍ഫ്യൂ ഉച്ചക്ക് മൂന്ന് മുതലാക്കി, ചരക്ക് ലോറികള്‍ക്ക് ഇളവ്

ജിദ്ദ: ജിദ്ദയില്‍ കര്‍ഫ്യൂ തുടങ്ങുന്നത് ഉച്ചക്ക് മൂന്ന് മണി മുതലാക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ജിദ്ദയിലേക്കും പുറത്തേക്കുമുള്ള സഞ്ചാരവും നിര്‍ത്തലാക്കിയിട്ടുണ്ട്.

നേരത്തെ കര്‍ഫ്യൂവില്‍ നിന്ന് ഇളവുള്ള വിഭാഗങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. അതിനിടെ, ചരക്ക് ലോറികള്‍ക്ക് വിവിധ നഗരങ്ങളിലെ ഭാഗിക കര്‍ഫ്യൂവില്‍ ഇളവുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പേടി കാരണം ചില ട്രക്ക് ഡ്രൈവര്‍മാര്‍ നഗരങ്ങളിലേക്ക് പോകാന്‍ മടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്.

അതേ സമയം, കൊറോണവൈറസ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചതായി സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ 96 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,299ഉം ആയി.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവരാണ് പുതുതായി സ്ഥിരീകരിച്ചവരില്‍ 68 പേരും. ഞായറാഴ്ച വരെയുള്ള കണക്കാണിത്.

Share this story