യു എ ഇയില്‍ 41 പുതിയ കേസുകള്‍ കൂടി; രണ്ട് മരണവും

യു എ ഇയില്‍ 41 പുതിയ കേസുകള്‍ കൂടി; രണ്ട് മരണവും

അബൂദബി: യു എ ഇയില്‍ പുതിയ 41 കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 611 ആയി. രണ്ട് രോഗികള്‍ കൂടി മരിച്ചു. മൂന്ന് പേര്‍ കൂടി രോഗമുക്തരായി.

48 വയസ്സുള്ള അറബ് പൗരനും 42 വയസ്സുള്ള ഏഷ്യക്കാരിയുമാണ് തിങ്കളാഴ്ച മരിച്ചത്. മരിച്ച മൊത്തം കോവിഡ് രോഗികള്‍ അഞ്ചാണ്. തിങ്കളാഴ്ച മരിച്ച രണ്ട് പേര്‍ക്കും ഹൃദ്രോഗമുണ്ടായിരുന്നു. 2.20 ലക്ഷം പേരില്‍ പരിശോധന നടത്തിയിട്ടുണ്ട്.

അതിനിടെ, ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 13 വരെ ദുബായിയില്‍ ആര്‍ ടി എ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചു. പണം നല്‍കേണ്ടതും മള്‍ട്ടി സ്റ്റോറി പാര്‍ക്കിംഗുമാണ് സൗജന്യമാക്കിയത്.

അതേ സമയം, ഈ വർഷം ദുബൈയിൽ നടത്തേണ്ട വേൾഡ് എക്സ്പോ നീട്ടിവെക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി ശിപാർശ ചെയ്തു. യു എ ഇ സർക്കാർ പ്രതിനിധികളും വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും ഉൾപ്പെട്ട സ്റ്റിയറിംഗ് കമ്മിറ്റി, ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്സിബിഷൻസി (ബി ഐ ഇ)നോടാണ് എക്സ്പോ അടുത്ത വർഷത്തേക്ക് നീട്ടിവെക്കാൻ ശിപാർശ ചെയ്തത്. അന്താരാഷ്ട്ര എക്സ്പോകളുടെ നിയന്ത്രണാധികാരിയായ ബി ഐ ഇ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

ബി ഐ ഇയുടെ ജനറൽ അസംബ്ലിക്കാണ് എക്സ്പോ മാറ്റിവെക്കുന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള അവകാശമുള്ളത്. കോവിഡ് വ്യാപനത്തിൽ ലോകക്രമം തന്നെ മാറിമറിയുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് യു എ ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാശിമി പറഞ്ഞു. എക്സ്പോ നീട്ടുന്നതിൽ ബി ഐ ഇക്കും അനുകൂല നിലപാടാണുള്ളത്. എക്സ്പോയിൽ പങ്കെടുക്കുന്ന അധിക രാജ്യങ്ങളും ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു.

Share this story