ദുബായ് എക്സ്പോ 2020 ഒരു വർഷം നീട്ടിവയ്ക്കാൻ തീരുമാനമായി

ദുബായ് എക്സ്പോ 2020 ഒരു വർഷം നീട്ടിവയ്ക്കാൻ തീരുമാനമായി

‌ദുബൈ: ഈ വർഷം നടക്കേണ്ടിയിരുന്ന ലോക ഷോപ്പിങ് മാമാങ്കം ദുബായ് എക്സ്പോ 2020 ഒരു വർഷം നീട്ടിവയ്ക്കാൻ തീരുമാനം. രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ദുബായ് ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്–19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

യുഎഇയിലെയും എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുൾപ്പെടുന്ന എക്സ്പോ 2020 സ്റ്റിയറിങ് കമ്മിറ്റിയുടെ ഇന്ന് ചേർന്ന രണ്ടാം യോഗത്തിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് നീട്ടിവയ്ക്കാൻ തീരുമാനിച്ചതെന്നും റീം അൽ ഹാഷിമി വ്യക്തമാക്കി. എക്സ്പോ 2020 ദുബായ് വൻവിജയമാക്കാൻ യുഎഇ നടത്തിയ പ്രയത്നങ്ങളെ സ്റ്റിയറിങ് കമ്മിറ്റി അഭിനന്ദിച്ചു.

ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഷോപ്പിങ് മേളയായ എക്സ്പോ2020 ഈ വർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെയായിരുന്നു ദുബായിൽ നടക്കേണ്ടിയിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരികയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 11 ദശലക്ഷം സന്ദർശകർ എത്തുമെന്നാണ് സംഘാടകർ കഴിഞ്ഞ വർഷം കണക്കുകൂട്ടിയത്. ഇന്ത്യ ഉൾപ്പെടെ 192 ലോക രാജ്യങ്ങൾ തങ്ങളുടെ കലാ–സാംസ്കാരിക, ബിസിനസ്, സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്ന പവലിയനുകൾ ഒരുക്കി. കൂടാതെ, മറ്റു ഒട്ടേറെ പരിപാടികളും ആസൂത്രണം ചെയ്തിരുന്നു.

Share this story