കുവൈത്തില്‍ ചില പ്രദേശങ്ങളില്‍ പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും

കുവൈത്തില്‍ ചില പ്രദേശങ്ങളില്‍ പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും

കുവൈത്ത് സിറ്റി: കൊറോണവൈറസ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍, ചില പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കി അധികൃതര്‍. പ്രവാസി തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്നിടത്ത് അണുബാധക്കുള്ള സാധ്യത കൂടുതലാണെന്ന് അധികൃതര്‍ അറിയിച്ചു.

നിലവിലെ നിയന്ത്രണങ്ങള്‍ ലക്ഷ്യം കണ്ടില്ലെങ്കില്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണ്. മൂന്ന് ദിവസത്തിനുള്ളില്‍ 28 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഗൗരവതരമാണ്. പ്രവാസികളില്‍ അധികവും റൂമുകള്‍ പങ്കുവെച്ചാണ് താമസിക്കുന്നത്. കോഓപറേറ്റീവ് സ്റ്റോറുകള്‍ക്ക് അടുത്തുള്ള സ്‌കൂളുകള്‍ കണ്ടെത്തി തൊഴിലാളികളെ പാര്‍പ്പിക്കാന്‍ ഏര്‍പ്പാടാക്കണമെന്ന അഭിപ്രായം അധികൃതര്‍ക്കുണ്ട്. എല്ലാ മേഖലകളിലും ഇങ്ങനെ സ്‌കൂള്‍ കണ്ടെത്തണമെന്നാണ് അഭിപ്രായം.

അധിക ഷോപ്പിംഗ് കോഓപറേറ്റീവുകളിലെയും സാധനങ്ങള്‍ കൊണ്ടുപോകുന്ന തൊഴിലാളികളായ ഇന്ത്യക്കാരെയും ബംഗ്ലാദേശികളെയും മാറ്റി കുവൈത്തി സന്നദ്ധപ്രവര്‍ത്തകരെയാക്കിയിട്ടുണ്ട്. മഹ്ബൂല, ജലീബ് അല്‍ ശുയൂഖ്, അല്‍ ഫര്‍വാനിയ്യ, ഖൈതാന്‍, ഹവാല്ലി തുടങ്ങിയയിടങ്ങളിലാണ് പ്രവാസി തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്നത്. പ്രവാസികള്‍ പുറത്തിറങ്ങാതിരിക്കാന്‍ ഇവിടെ സുരക്ഷ ശക്തമാണ്.

Share this story