ഒമാനിൽ ഒരു വയസ്സുള്ള കുട്ടിക്ക് കോവിഡ്

ഒമാനിൽ ഒരു വയസ്സുള്ള കുട്ടിക്ക് കോവിഡ്

മസ്‌കത്ത്: രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് രോഗി ഒരു വയസ്സുള്ള കുട്ടിയാണെന്ന് ആരോഗ്യ മന്ത്രി ഡോ.അഹ്മദ് ബിൻ മുഹമ്മദ് അൽ സൈദി അറിയിച്ചു. സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് കൂടുതൽ രോഗബാധ. അതേസമയം, ചൊവ്വാഴ്ച രാജ്യത്ത് പുതിയ 13 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 192 ആയി. 34 പേർ രോഗമുക്തി നേടി.

എന്നാൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏപ്രിൽ ഒന്ന് മുതൽ ഗവർണറേറ്റുകൾക്കിടയിലെ സഞ്ചാരം നിരോധിച്ചു. സുൽത്താൻ സായുധ സേനയും (എസ് എ എഫ്) റോയൽ ഒമാൻ പോലീസും (ആർ ഒ പി) നിയന്ത്രണങ്ങൾക്ക് മേൽനോട്ടം വഹിക്കും. പൗരന്മാരുടെയും പ്രവാസികളുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിന് എല്ലാ ഗവർണറേറ്റുകളുടെയും എൻട്രി എക്സിറ്റ് കേന്ദ്രങ്ങളിൽ എസ് എ എഫും ആർ ഒ പിയും ചെക്ക്പോയിന്റുകൾ സംവിധാനിക്കും.

ചില വിഭാഗങ്ങൾക്ക് സഞ്ചാരത്തിന് ഇളവ് നൽകിയിട്ടുണ്ട്: വകുപ്പ് മേധാവികൾ നിശ്ചയിച്ചത് പ്രകാരം ഓഫീസ് പ്രവർത്തനത്തിന് അനിവാര്യമായ പൊതു സ്വകാര്യ മേഖലകളിലെ ജീവനക്കാർ, ആംബുലൻസ് എമർജൻസി വാഹനങ്ങൾ, സൈനിക സുരക്ഷാ വാഹനങ്ങൾ, ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും കൊണ്ടുപോകുന്ന വാഹനങ്ങൾ, വാണിജ്യ നിർമാണ സാമഗ്രികൾ, പെട്രോളിയം ഉത്പന്നങ്ങൾ, പൊതു സ്വകാര്യ മേഖലകളിൽ ഉപയോഗിക്കുന്ന മറ്റ് സാമഗ്രികൾ തുടങ്ങിയവ കൊണ്ടുപോകുന്ന വാഹനങ്ങൾ തുടങ്ങിയവക്ക് ഇളവുണ്ട്. അതേസമയം, ചെക്ക്പോയിന്റിലെ ഉദ്യോഗസ്ഥരുടെ വിശകലനത്തിന് വിധേയമായിട്ടായിരിക്കും അടിയന്തരാവശ്യ സഞ്ചാരം പരിഗണിക്കുക.

Share this story