ഖത്തറിൽ ക്വാറന്റൈനിലുള്ള പ്രവാസികളുടെ ശമ്പളം വെട്ടിക്കുറക്കില്ല
ദോഹ: ക്വാറന്റൈനിലുള്ള എല്ലാ ജീവനക്കാർക്കും പൂർണ വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ വേതനം ഉറപ്പുവരുത്തുന്നതിന് കമ്പനികൾക്കായി ഖത്തർ സർക്കാർ 300 കോടി ഖത്തർ റിയാൽ വകയിരുത്തിയിട്ടുണ്ട്.
താമസാനുമതി ലംഘിച്ച് നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്കും കോവിഡ് ചികിത്സ സൗജന്യമായിരിക്കും. ജോലി നഷ്ടപ്പെട്ട് സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകാത്തവർക്ക് വിമാന ടിക്കറ്റ് നൽകും. ജോലി നഷ്ടപ്പെട്ടവരുടെ രാജ്യങ്ങളുമായി ഏകോപനം നടത്തുന്നുണ്ട്. നിയന്ത്രണങ്ങൾ അവസാനിക്കുന്നത് വരെ അവർക്ക് താമസസൗകര്യവും മറ്റെല്ലാ സംവിധാനങ്ങളും ഒരുക്കും. ആരെയും അവഗണിക്കില്ലെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
അതേ സമയം, തൊഴിലാളികൾക്ക് പരാതികൾ അറിയിക്കാൻ 92727 എന്ന പുതിയ നമ്പർ അവതരിപ്പിച്ച് തൊഴിൽ മന്ത്രാലയം. 5 എന്ന അക്കം ചേർത്ത് എസ് എം എസും അയക്കാവുന്നതാണ്. മെസ്സേജ് അയക്കുന്നവർ ഖത്തർ ഐ ഡി നമ്പറും രേഖപ്പെടുത്തണം. ഖത്തർ ഐ ഡി കാലാവധി തീരുകയോ കൈവശമില്ലെങ്കിലോ വിസാ നമ്പർ രേഖപ്പെടുത്തിയാലും മതി.
വിവിധ ഭാഷകളിൽ സേവനം ലഭ്യമാകും. തൊഴിലാളികളുടെ പ്രശ്നങ്ങൾ വേഗത്തിൽ അറിയാനും പരിഹരിക്കാനുമാണ് പുതിയ സംവിധാനമെന്ന് തൊഴിൽ മന്ത്രാലയം അസി.അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി അറിയിച്ചു.
കൊറോണ നിയന്ത്രണങ്ങൾ കാരണം രാജ്യത്തിന് പുറത്തുള്ള താമസാനുമതി കാലാവധി തീർന്ന പ്രവാസികളുടെ പുതുക്കലുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയവുമായി തൊഴിൽ മന്ത്രാലയം ഏകോപനം നടത്തുന്നുണ്ട്. അത്തരക്കാരുടെ താമസാനുമതി ഓട്ടോമാറ്റിക് ആയി പുതുക്കും. പ്രതിസന്ധി തീരുമ്പോൾ ഖത്തറിലേക്ക് അവർക്ക് വരാനുമാകും.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
