ഖത്തറിലെ പരമ്പരാഗത മാര്‍ക്കറ്റുകളില്‍ നാല് മാസത്തേക്ക് വാടകയിളവ്

ഖത്തറിലെ പരമ്പരാഗത മാര്‍ക്കറ്റുകളില്‍ നാല് മാസത്തേക്ക് വാടകയിളവ്

ദോഹ: ഖത്തറിലെ പരമ്പരാഗത മാര്‍ക്കറ്റുകളിലെ കടകള്‍ക്ക് നാല് മാസത്തെ വാടകയിളവ് നല്‍കി പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ്. ഏപ്രില്‍ മുതലാണ് ഇളവ് ആരംഭിക്കുക.

സൂഖ് വാഖിഫ്, സൂഖ് അല്‍ വക്‌റ, ഓള്‍ഡ് അല്‍ഖോര്‍ സൂഖ്, സൂഖ് അല്‍ നജദ എന്നിവിടങ്ങളിലെ കടകള്‍ക്കും സൂഖ് വാഖിഫിന് ചുറ്റുമുള്ള മാര്‍ക്കറ്റുകളായ ഫാലിഹ്, അസീരി, ദീര, സിറ്റി സെന്റര്‍, നാസര്‍ ബിന്‍ സെയ്ഫ് മാര്‍ക്കറ്റ് എന്നിവക്കും ഇളവുണ്ട്. പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിന്റെ മേല്‍നോട്ടത്തിലുള്ള മറ്റ് മാര്‍ക്കറ്റുകളിലെ കടകള്‍ക്കും ഇളവുണ്ട്.

അതേ സമയം, സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലുമുള്ള 80 ശതമാനം ജീവനക്കാരും വീട്ടില്‍ നിന്നോ താമസസ്ഥലത്ത് നിന്നോ ജോലി ചെയ്താല്‍ മതിയെന്ന് ഖത്തര്‍ മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരുമണി വരെയായിരിക്കും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു മന്ത്രിസഭാ യോഗം.

വീട്ടുശുചീകരണ സേവനങ്ങള്‍ അവസാനിപ്പിക്കാനും ഉത്തരവിട്ടു. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളില്‍ പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ കൊണ്ടുപോകാന്‍ പറ്റൂ. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം കുറക്കും. സര്‍ക്കാര്‍- സ്വകാര്യ ഓഫീസുകളിലെ ജീവനക്കാരുടെ യോഗം ഓണ്‍ലൈനിലൂടെയായിരിക്കണം.

അതിന് സൗകര്യമില്ലെങ്കില്‍ യോഗത്തില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ല. ഫുഡ് സ്റ്റോറുകള്‍, ഫാര്‍മസികള്‍, ഡെലിവറി ചെയ്യുന്ന റസ്റ്റോറന്റുകള്‍ എന്നിവക്ക് ഇളവുണ്ട്. സൈന്യം, സുരക്ഷാ മേഖല, വിദേശകാര്യ മന്ത്രാലയം, നയതന്ത്ര കാര്യാലയങ്ങള്‍, ആരോഗ്യ മേഖല, എണ്ണ- വാതകം മേഖല, പ്രധാന ദേശീയ പദ്ധതികളുടെ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ഏപ്രില്‍ രണ്ട് മുതല്‍ രണ്ടാഴ്ചത്തേക്കാണ് തീരുമാനം.

Share this story