എണ്ണ വിപണിക്ക് കരുത്ത് പകരാന്‍ അടിയന്തര യോഗം വിളിച്ച് സൗദി

എണ്ണ വിപണിക്ക് കരുത്ത് പകരാന്‍ അടിയന്തര യോഗം വിളിച്ച് സൗദി

റിയാദ്: അതിവേഗം കൂപ്പുകുത്തുന്ന എണ്ണ വിപണിയുടെ കൈ പിടിച്ചുയര്‍ത്താന്‍ ഒപെക്, റഷ്യ, മറ്റ് എണ്ണയുത്പാദകര്‍ തുടങ്ങിയവയുടെ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ. എണ്ണ വിതരണത്തിലെ കരാര്‍ പരാജയപ്പെട്ടതോടെ വിപണിയിലേക്ക് സൗദി കൂടുതല്‍ എണ്ണ ഇറക്കിയതോടെയാണ് വില കുത്തനെയിടിഞ്ഞത്.

സൗദിയും റഷ്യയും വിപണിയിലെ പോരാട്ടം അവസാനിപ്പിച്ച് പരസ്പരം സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി, റഷ്യന്‍ നേതാക്കളുമായി താന്‍ സംസാരിച്ചെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ ട്രമ്പ് ബുധനാഴ്ച പറഞ്ഞിരുന്നു. വ്യാഴാഴ്ച എണ്ണ വിലയില്‍ നേരിയ കയറ്റം ഉണ്ടായിട്ടുണ്ട്.

അതേ സമയം, വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം. വ്യാഴാഴ്ച സ്ഥിരീകരിച്ച പുതിയ കേസുകളില്‍ 48 എണ്ണം മക്കയിലും 46 എണ്ണം മദീനയിലുമാണ്. മൊത്തം 165 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സൗദിയിലെ കൊവിഡ് മരണം 21 ആയി.

ഭക്ഷണം ഡെലിവറി ചെയ്യുന്ന മക്കയിലെ റസ്‌റ്റോറന്റുകള്‍ ആരോഗ്യ- സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം. ഡെലിവറി ബോയ്‌സിന് കൈമാറുന്നതിന് മുമ്പ് ഭക്ഷണം സുരക്ഷിതമായി പാക്ക് ചെയ്ത് സീല്‍ ചെയ്യണം. ഉപഭോക്താക്കളുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടാകുന്ന രീതിയിലാകരുത് ഡെലിവറി. മുന്‍വാതിലില്‍ വെച്ചാണ് കൈമാറേണ്ടത്. ഒരു മീറ്റര്‍ അകലം പാലിച്ചാണ് ഡെലിവറി ബോയ്‌സ് ഉപഭോക്താവിന് ഭക്ഷണം കൈമാറേണ്ടത്.

Share this story