പ്രവാസികളുടെ താമസ തിരിച്ചറിയല്‍ കാര്‍ഡ് മൂന്ന് മാസത്തേക്ക് സൗജന്യമായി ദീര്‍ഘിപ്പിക്കും

പ്രവാസികളുടെ താമസ തിരിച്ചറിയല്‍ കാര്‍ഡ് മൂന്ന് മാസത്തേക്ക് സൗജന്യമായി ദീര്‍ഘിപ്പിക്കും

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് നല്‍കിയ താമസ തിരിച്ചറിയല്‍ രേഖയുടെ കാലാവധി മൂന്ന് മാസത്തേക്ക് സൗജന്യമായി ദീര്‍ഘിപ്പിക്കും. ഓട്ടോമാറ്റിക്കലായി ദീര്‍ഘിപ്പിക്കുമെന്ന് ജവാസാത് അറിയിച്ചു.

മാര്‍ച്ച് 18നോ അതിന് ശേഷമോ കാര്‍ഡുകളുടെ കാലാവധി അവസാനിക്കുന്ന സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്കാണ് ഈ ഇളവ്. ജൂണ്‍ 30 വരെ ആനുകൂല്യം ലഭിക്കും. രാജ്യത്തിന് പുറത്താണെങ്കിലും പ്രശ്‌നമില്ല. ദീര്‍ഘിപ്പിച്ച വിവരം എസ് എം എസിലൂടെ അതത് വ്യക്തികള്‍ക്ക് ലഭിക്കും.

അതേ സമയം, ജിദ്ദ ഗവര്‍ണറേറ്റിലെ ഏഴ് പ്രദേശങ്ങളില്‍ കൂടി 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്.

ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതല്‍ കര്‍ഫ്യൂ നിലവില്‍ വന്നു. കിലോ 14 സൗത്ത്, കിലോ 14 നോര്‍ത്ത്, അല്‍ മഹ്ജര്‍, ഗുലൈല്‍, അല്‍ ഖുറയ്യാത്, കിലോ 13, പെട്രോമിന്‍ എന്നിവിടങ്ങളിലാണ് സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

ഈ ഏഴ് പ്രദേശങ്ങളിലേക്കുള്ള പ്രവേശനവും അവിടെ നിന്ന് പുറത്തുകടക്കലും നിരോധിച്ചിട്ടുണ്ട്. അതേസമയം, ഇവിടങ്ങളിലെ താമസക്കാര്‍ക്ക് രാവിലെ ആറിനും ഉച്ചക്ക് മൂന്നിനും ഇടയില്‍ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനും ആരോഗ്യസംബന്ധിയായ കാര്യങ്ങള്‍ക്കും പുറത്തുപോകാം.

Share this story