പ്രവാസികളുടെ വരവ് നിരോധിച്ചത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി യു എ ഇ

പ്രവാസികളുടെ വരവ് നിരോധിച്ചത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി യു എ ഇ

അബൂദബി: റസിഡൻസ് വിസയുള്ളവർ രാജ്യത്തേക്ക് വരുന്നതിനുള്ള നിരോധനം രണ്ടാഴ്ചത്തേക്ക് കൂടി ദീർഘിപ്പിച്ച് യു എ ഇ. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

കാലാവധിയുള്ള വിസ കൈവശമുള്ള വിദേശത്ത് താമസിക്കുന്നവർ ഉടനെ തവാജുദി ഫോർ റസിഡന്റ്സ് സർവീസിൽ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ വിസയുള്ളവരുടെ സുരക്ഷിതമായ മടങ്ങിവരവ് സൗകര്യപ്പെടുത്താനാണ് ഈ സംവിധാനം ആരംഭിച്ചത്.

അതേ സമയം, ദുബൈയിൽ നടത്തേണ്ട വേൾഡ് എക്സ്പോയുടെ പുതിയ തീയതി നിർദേശിച്ച് യു എ ഇ സർക്കാർ. ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻ (ബി ഐ ഇ) സമിതിക്ക് മുമ്പാകെയാണ് പുതിയ തീയതി ശിപാർശ ചെയ്തത്. 2021 ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെ എക്സ്പോ നടത്താമെന്ന നിർദേശമാണ് യു എ ഇ സർക്കാർ മുന്നോട്ടുവെച്ചത്.

ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ ഏപ്രിൽ 21ന് ബി ഐ ഇയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഓൺലൈൻ യോഗം ചേരും. തിരഞ്ഞെടുക്കപ്പെട്ട 12 അംഗരാജ്യങ്ങളും ബി ഐ ഇ സെക്രട്ടറി ജനറൽ ദിമിത്രി എസ് കെഴ്കെന്റ്സിസും പങ്കെടുക്കും. ബി ഐ ഇ അംഗ രാജ്യങ്ങളുടെ മൂന്നിൽ രണ്ട് വോട്ടോട് കൂടി മാത്രമേ തീയതി മാറ്റത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ. കൊവിഡ് പശ്ചാത്തലത്തിലാണ് ഈ വർഷം ഒക്ടോബറിൽ ആരംഭിക്കേണ്ട വേൾഡ് എക്സ്പോ മാറ്റിവെക്കാൻ തീരുമാനിച്ചത്.

Share this story