ദുബൈയില്‍ ഇന്ന് മുതല്‍ മെട്രോ സര്‍വീസില്ല

ദുബൈയില്‍ ഇന്ന് മുതല്‍ മെട്രോ സര്‍വീസില്ല

ദുബൈ: ദുബൈയില്‍ വ്യാഴാഴ്ച മുതല്‍ മെട്രോ, ട്രാം സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി. അടുത്ത അറിയിപ്പ് വരെ ഇവ പ്രവര്‍ത്തിക്കില്ലെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) സ്ഥിരീകരിച്ചു. അതേസമയം, ബസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

അതേസമയം, പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് യു എ ഇ സര്‍ക്കാര്‍ അറിയിച്ചു. ലക്ഷണമില്ലാത്തവരിലും പോസിറ്റീവ് കേസുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണിത്. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനാണ് മാസ്‌ക് ധരിക്കണമെന്ന് പറയുന്നത്. മെഡിക്കല്‍ മാസ്‌ക് തന്നെ വേണമെന്നില്ല. പേപ്പര്‍ മാസ്‌ക്, വീട്ടില്‍ നിര്‍മിച്ച കോട്ടണ്‍- മിസ്ഡ് കോട്ടണ്‍ തുണി കൊണ്ടുള്ള മാസ്‌ക് തുടങ്ങിയവയും ഉപയോഗിക്കാം.

അതേ സമയം, റസിഡന്‍സ് വിസയുള്ളവര്‍ രാജ്യത്തേക്ക് വരുന്നതിനുള്ള നിരോധനം രണ്ടാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് യു എ ഇ. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

കാലാവധിയുള്ള വിസ കൈവശമുള്ള വിദേശത്ത് താമസിക്കുന്നവര്‍ ഉടനെ തവാജുദി ഫോര്‍ റസിഡന്റ്‌സ് സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ വിസയുള്ളവരുടെ സുരക്ഷിതമായ മടങ്ങിവരവ് സൗകര്യപ്പെടുത്താനാണ് ഈ സംവിധാനം ആരംഭിച്ചത്.

Share this story