അബുദാബിയിലും അണുവിമുക്ത പ്രക്രിയ പ്രഖ്യാപിച്ചു; പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും

അബുദാബിയിലും അണുവിമുക്ത പ്രക്രിയ പ്രഖ്യാപിച്ചു; പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും

അബുദാബി: കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി തലസ്ഥാനമായ അബുദാബിയിലും അണുവിമുക്ത പ്രവര്‍ത്തനത്തിന് സമയക്രമം പ്രഖ്യാപിച്ചു. പാര്‍പ്പിട മേഖലകളില്‍ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയും ഇന്‍ഡസ്ട്രിയല്‍ മേഖലകളിലും തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും രാത്രി ആറ് മുതല്‍ രാവിലെ ആറ് വരെയുമാകും അണുനശീകരണ പ്രക്രിയ.

അണുനശീകരണ പ്രക്രിയ വേളയില്‍ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചു. ഓരോ എമിറേറ്റുകള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ അണുനശീകരണ പദ്ധതികള്‍ പ്രഖ്യാപിക്കാമെന്ന് യു എ ഇ ആരോഗ്യ മേഖലാ വക്താവ് ഡോ.ഫരീദ അല്‍ ഹുസ്‌നി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദുബൈയില്‍ രണ്ടാഴ്ചത്തേക്ക് 24 മണിക്കൂര്‍ അണുനശീകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, രണ്ടാഴ്ചത്തേക്ക് 24 മണിക്കൂര്‍ അണുനശീകരണ പ്രക്രിയ പ്രഖ്യാപിച്ച ദുബൈയില്‍ റോഡിലിറങ്ങുന്ന കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ സവാരിക്കാര്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധം. പുറത്തുപോകുന്നത് എന്തിനാണെന്ന വിശദാംശങ്ങള്‍, ഉപയോഗിക്കുന്ന ഗതാഗത സംവിധാനം തുടങ്ങിയവ https://dxbpermit.gov.ae/permits എന്ന വെബ്‌സൈറ്റില്‍ നല്‍കിയാണ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്.

ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാര നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും മുഴുസമയം പ്രവര്‍ത്തിക്കുന്ന 800 737648 എന്ന നമ്പറിലും വിളിക്കാവുന്നതാണ്. പുറത്തിറങ്ങാനുള്ള പെര്‍മിറ്റ്, നിയന്ത്രണങ്ങളില്‍ നിന്ന് ഇളവുകളുള്ള വിഭാഗങ്ങള്‍, പൊതു നടപടിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ഈ നമ്പറില്‍ വിളിച്ചാല്‍ അറിയാം. ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് രണ്ടാഴ്ചത്തേക്ക് ദുബൈയില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്. സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്.

Share this story