കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ചും വണ്ടിയോടിക്കാം

കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ചും വണ്ടിയോടിക്കാം

മസ്‌കത്ത്: ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിലും വാഹനമോടിക്കാമെന്ന് റോയല്‍ ഒമാന്‍ പോലീസ് (ആര്‍ ഒ പി) അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആര്‍ ഒ പി നേരത്തെ തന്നെ ലൈസന്‍സ് പുതുക്കല്‍ സേവനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞവര്‍ക്കും ഇന്‍ഷൂറന്‍സ് കവറേജ് നല്‍കണമെന്ന് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഓഹരി വിപണി അതോറിറ്റി (സി എം എ) നിര്‍ദേശം നല്‍കിയിരുന്നു. ഇന്‍ഷൂറന്‍സ് കമ്പനികളുടെ കൗണ്ടറുകള്‍ അടച്ച് സേവനം ഓണ്‍ലൈനിലാക്കാന്‍ സി എം എ നേരത്തെ സര്‍ക്കുലര്‍ നല്‍കിയിരുന്നു.

അതേസമയം, സുല്‍ത്താനേറ്റിലെ പല ഇന്ത്യന്‍ സ്‌കൂളുകളിലും വെര്‍ച്വല്‍ ക്ലാസുകള്‍ ആരംഭിച്ചു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ക്ലാസുകളാണ് ആരംഭിച്ചത്. 10, 12 ക്ലാസുകളിലെ ഓണ്‍ലൈന്‍ അധ്യയനം നേരത്തെ തന്നെ സ്‌കൂളുകളില്‍ ആരംഭിച്ചിട്ടുണ്ട്.

വാദി കബീര്‍, ഗുബ്ര ഇന്ത്യന്‍ സ്‌കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ വെര്‍ച്വല്‍ ക്ലാസുകള്‍ ആരംഭിച്ചു. ഗൂഗ്ള്‍ ക്ലാസ്‌റൂം, സൂം പോലുള്ള സംവിധാനങ്ങളാണ് പലരും ഉപയോഗിക്കുന്നത്.  സലാല ഇന്ത്യന്‍ സ്‌കൂള്‍ സൊമെന്റ് എന്ന ആപ്പാണ് ഉപയോഗിക്കുന്നത്. എല്ലാ ഇന്ത്യന്‍ സ്‌കൂളുകളിലും ഏപ്രില്‍ പകുതിയോടെ വെര്‍ച്വല്‍ ക്ലാസുകള്‍ ആരംഭിക്കും. അതിനിടെ, സ്‌കൂള്‍ ഫീസ് അടക്കാനുള്ള തിയ്യതി ജൂലൈ വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

Share this story