ഡെലിവറി ചാര്‍ജ്ജ് പത്ത് റിയാലില്‍ കൂടരുത്

ഡെലിവറി ചാര്‍ജ്ജ് പത്ത് റിയാലില്‍ കൂടരുത്

ദോഹ: ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതിന്റെ നിരക്ക് പത്ത് ഖത്തര്‍ റിയാലില്‍ കൂടരുതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം. ഇ മാര്‍ക്കറ്റിംഗിനും ഡെലിവറിക്കും വലിയ തുക ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

ഡെലിവറി കൂടിയുണ്ടെങ്കില്‍ ഓര്‍ഡര്‍ ചെയ്ത വസ്തുവിന്റെ വിലയുടെ 19 ശതമാനമാണ് പരമാവധി സര്‍വീസ് ചാര്‍ജ് ഈടാക്കാനാവൂ. മാര്‍ക്കറ്റിംഗ് സര്‍വീസ് മാത്രമാണെങ്കില്‍ ഓര്‍ഡര്‍ ചെയ്ത വസ്തുവിന്റെ 10 ശതമാനം മാത്രമേ സര്‍വീസ് ചാര്‍ജായി ഈടാക്കാവൂ. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി പരിശോധനകളും അധികൃതര്‍ നടത്തും.

അതേ സമയം, ഖത്തറില്‍ കോവിഡ്- 19 ബാധിച്ച് രണ്ട് പ്രവാസികള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. പുതുതായി 225 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുധനാഴ്ച 19 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 150 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2057 ആണ്.

മാറാവ്യാധിയുള്ള 74കാരനാണ് മരിച്ച ഒരു പ്രവാസി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീടാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ മരിച്ചു. മരിച്ച മറ്റൊരു പ്രവാസി 59 വയസ്സുകാരനാണ്. ഇയാള്‍ക്കും മാറാവ്യാധിയുണ്ടായിരുന്നു.

Share this story