നസീര്‍ വാടാനപ്പള്ളിയുടെ രോഗമുക്തിക്ക് വേണ്ടി പ്രാര്‍ഥനാപൂര്‍വം പ്രവാസി സമൂഹം

നസീര്‍ വാടാനപ്പള്ളിയുടെ രോഗമുക്തിക്ക് വേണ്ടി പ്രാര്‍ഥനാപൂര്‍വം പ്രവാസി സമൂഹം

അബൂദബി: കഴിഞ്ഞ രണ്ടാഴ്ചയായി അല്‍ നെയ്ഫിലെയും അല്‍ റാസിലെയും പ്രവാസികള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതില്‍ വ്യാപൃതനായിരുന്ന യു എ ഇയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിക്ക് കോവിഡ് സ്ഥിരീകരിച്ചു.

രോഗം എത്രയും പെട്ടെന്ന് ഭേദമായി വീണ്ടും സാമൂഹിക- സാന്ത്വന- കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് വ്യാപൃതനാകാന്‍ കഴിയട്ടെയെന്ന പ്രാര്‍ഥനയിലാണ് യു എ ഇയിലെ പ്രവാസി സമൂഹം.

നസീറിന്റെ ആരോഗ്യ സ്ഥിതിയില്‍ കുഴപ്പമില്ല. ചെറിയ തലവേദനയും തൊണ്ടയില്‍ ചൊറിച്ചിലും മാത്രമാണുള്ളത്. വലിയ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. യു എ ഇ ആരോഗ്യ സംവിധാനത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 20 ദിവസം മുമ്പ് തന്നെ കുടുംബത്തില്‍ നിന്ന് മാറി ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാണ് സാമൂഹിക പ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസ്വസ്ഥത തോന്നിയപ്പോള്‍ തന്നെ ചികിത്സ തേടിയതായും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ നാലിന് നസീറിനെ അഭിനന്ദിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റ് ചെയ്തിരുന്നു.

Share this story