ജീവനക്കാരുടെ വേതനവും ജോലി സമയവും കുറയ്ക്കാന്‍ സ്വകാര്യ മേഖലക്ക് അനുമതി

ജീവനക്കാരുടെ വേതനവും ജോലി സമയവും കുറയ്ക്കാന്‍ സ്വകാര്യ മേഖലക്ക് അനുമതി

ജിദ്ദ: സൗദി അറേബ്യയില്‍ ജീവനക്കാരുടെ വേതനവും തൊഴില്‍ സമയവും കുറയ്ക്കാന്‍ സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് സര്‍ക്കാറിന്റെ അനുമതി. അതേസമയം, ജീവനക്കാരുടെ സമ്മതപ്രകാരമായിരിക്കണം ഇത്. തൊഴില്‍ സമയം കുറയ്ക്കുന്നതിന് ആനുപാതികമായിരിക്കണം വേതനം കുറയ്‌ക്കേണ്ടത്.

സ്വകാര്യ മേഖലയിലെ ചില തൊഴിലുടമകള്‍ നിലവിലെ സാഹചര്യം ചൂഷണം ചെയ്യുമെന്ന ആശങ്ക പല തൊഴിലാളികള്‍ക്കുമുണ്ട്. അക്കാര്യം ജീവനക്കാര്‍ക്ക് മാനവവിഭവ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാമെന്ന് മാനവവിഭവകാര്യ വകുപ്പ് ഡയറക്ടര്‍ സഅദ് അല്‍ ഹമ്മാദ് അറിയിച്ചു.

അതേ സമയം, സൗദി അറേബ്യയില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോവിഡ്- 19 ബാധിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷം വരെയാകുമെന്ന് ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അല്‍ റബിയ്യ. അന്താരാഷ്ട്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇത് അറിയിച്ചത്.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചുരുങ്ങിയത് പതിനായിരത്തില്‍ നിന്ന് പരമാവധി രണ്ട് ലക്ഷം വരെ കോവിഡ് രോഗികളുണ്ടാകാമെന്നാണ് പഠനം പ്രവചിക്കുന്നത്. രോഗമുക്തി നേടുന്നവരേക്കാള്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരും. അതിനാല്‍ സര്‍ക്കാര്‍ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും മുന്‍കരുതലുകളും കര്‍ശനമായി ജനങ്ങള്‍ പാലിക്കണം. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇവയെല്ലാമുണ്ടാകുന്നത് രോഗബാധിതരുടെ എണ്ണം വളരെ ചുരുക്കാനാണെന്നും മന്ത്രി അറിയിച്ചു.

Share this story